വാക്സിൻ വിതരണത്തിൽ ദേശീയത അവസാനിപ്പിച്ച് അന്തർദ്ദേശീയത പ്രോത്സാഹിപ്പിക്കുക: യുഎന്നിൽ എസ് ജയ്ശങ്കർ

By Web TeamFirst Published Feb 18, 2021, 2:21 PM IST
Highlights

സർക്കാരുകളുടെ "വാക്സിൻ ദേശീയത" സ്വയം പരാജയപ്പെടുത്തുന്നത് പോലെയാണ്.  ഈ നിലപാട് മഹാമാരിയിൽ നിന്നുള്ള ആഗോള വീണ്ടെടുക്കൽ വൈകിപ്പിക്കുമെന്നും പറഞ്ഞു.
 

യുഎൻ: വാക്സിൻ ദേശീയത അവസാനിപ്പിക്കണമെന്നും വാക്സിൻ വിഷയത്തിൽ അന്തർദേശീയത പ്രോത്സാഹിപ്പിക്കണമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഇതുവരെ ഇന്ത്യ 25 രാജ്യങ്ങളിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹത്തിന്റെ ഈ ആ​ഹ്വാനം. കൂട്ടായ ആരോ​ഗ്യ സുരക്ഷ നേടുന്നതിനും മാരകമായ പകർച്ച വ്യാധിയെ ചെറുക്കുന്നതിനും വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"വാക്സിൻ ദേശീയത അവസനിപ്പിക്കുക, പകരം അന്താരാഷ്ട്രവാദത്തെ സജീവമായി പ്രോത്സാഹിപ്പിക്കുക. അമിത അളവിൽ ശേഖരിക്കുന്നത് കൂട്ടായ ആരോഗ്യ സുരക്ഷ കൈവരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തും. ആഗോള ഏകോപിത ശ്രമത്തിന്റെ അഭാവം മൂലം മഹാമാരിയുടെ മാരകമായ ആഘാതം വഷളായതായി കഴിഞ്ഞ മാസം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. സർക്കാരുകളുടെ "വാക്സിൻ ദേശീയത" സ്വയം പരാജയപ്പെടുത്തുന്നത് പോലെയാണ്.  ഈ നിലപാട് മഹാമാരിയിൽ നിന്നുള്ള ആഗോള വീണ്ടെടുക്കൽ വൈകിപ്പിക്കുമെന്നും പറഞ്ഞു.

മഹാമാരിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ആഗോള ഏകോപനത്തിന്റെ അഭാവം സംഘർഷബാധിത പ്രദേശങ്ങളെയും ദരിദ്ര രാജ്യങ്ങളെയും ബാധിക്കുമെന്നും ജയ്ശങ്കർ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രദേശങ്ങളിലെ 60 ദശലക്ഷത്തിലധികം ആളുകൾ അപകടത്തിലാണെന്ന് ഇന്റർനാഷണൽ റെഡ്ക്രോസ് കമ്മിറ്റി (ഐസിആർസി) കണക്കാക്കുന്നു. പകർച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് വാക്സിനുകൾ ലഭ്യമാക്കുന്നതിലെ തുല്യത ഉറപ്പു വരുത്തണം. എല്ലാ രാജ്യങ്ങൾക്കും തുല്യമായും ന്യായമായും വാക്സിൻ ലഭ്യമാക്കാൻ കൊവാക്സിൻ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

click me!