ക്രൂയിസ് കപ്പലിൽ ഹാൻ്റാവൈറസ്; ഒരാൾക്ക് കൂടി രോഗബാധ; മരണപ്പെട്ടത് മൂന്നു യാത്രക്കാർ

Published : May 05, 2026, 05:42 PM IST
cruise ship

Synopsis

അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന ക്രൂയിസ് കപ്പലിൽ ഹാൻ്റാവൈറസ് സ്ഥിരീകരണം. രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കപ്പലിലെ യാത്രക്കാരായ മൂന്നുപേർ മരണപ്പെട്ടിരുന്നു. ഇവരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കേപ് വെർഡെ: അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു. മൂന്നുപേർ മരണപ്പെടുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തതിനിടെ, ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നത്. മരണപ്പെട്ട ഡച്ച് വനിതയ്ക്കും 69കാരനായ ബ്രീട്ടീഷ് പൗരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ബ്രിട്ടീഷ് പൗരനെ തീവ്ര പരിചരണത്തിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബ‍ർ​ഗിലേക്ക് മാറ്റി.

ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നടത്തിപ്പുകാരായ എംവി ഹോണ്ടിയസ് കപ്പലിലാണ് ​വൈറസ് രോഗബാധ ഉണ്ടായത്. ഏകദേശം ഒരുമാസം മുൻപ് അ‍ർജൻ്റീനയിൽനിന്ന് പുറപ്പെട്ട കപ്പൽ 6,000 മൈലുകളിലധികം യാത്ര പിന്നിട്ടു. 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിൽ ഉള്ളത്. ഡച്ച് ദമ്പതികളും ജർമൻ യാത്രക്കാരനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം കപ്പൽ കടലിൽ തുടരുമ്പോഴാണ് ഡച്ച് പൗരന് ജീവൻ നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ഭാര്യയെ സെൻ്റ് ഹെലീന ദ്വീപിൽനിന്ന് ജോഹന്നാസ്ബർ​ഗിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നിലവിൽ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കേപ് വെർഡെയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽനിന്ന് ബ്രിട്ടീഷ്, ഡച്ച് പൗരന്മാരായ രണ്ട് ജീവനക്കാരെയും രോ​ഗബാധ സ്ഥിരീകരിച്ച ജ‍ർമൻ പൗരനുമായി അടുത്തിടപഴകിയ മറ്റൊരാളെയും മാറ്റും. കേപ് വെർഡെയിൽ കപ്പൽ ഡോക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ പശ്ചാത്തലത്തിൽ യാത്രക്കാരെ പുറത്തിറക്കാൻ പ്രാദേശിക അധികൃതർ അനുവദിച്ചിട്ടില്ല. ക‍ർശനമായ സുരക്ഷ പ്രോട്ടോക്കോളുകൾ പാലിച്ചാണ് യാത്രക്കാ‍‌ർ കപ്പലിൽ തുടരുന്നതെന്ന് ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു.

എലികളിൽനിന്ന് പടരുന്ന വൈറസ് ബാധയാണ് ഹാൻ്റാവൈറസ്. എലിയുടെ മലം, മൂത്രം, ഉമിനീർ എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോ​ഗം, മനുഷ്യൻ്റെ ശ്വാസകോശത്തെയും വൃക്കയെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഹാൻ്റാവൈറസ് പൾമണറി സിൻഡ്രോം (എച്ച്പിഎസ്), ഹെമറേജ് ഫീവർ വിത്ത് റീനൽ സിൻഡ്രോം (എച്ച്എഫ്ആർഎസ്) എന്നിവയ്ക്കാണ് വൈറസ് കാരണമാകുന്നത്. രോ​ഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോ​പകരുന്നത് അപൂർവമാണ്. ലോകത്ത് പ്രതിവർഷം ഒന്നരലക്ഷത്തിലധികം എച്ച്എഫ്ആർഎസ് കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറെയും യൂറോപ്പിലും ഏഷ്യയിലുമാണ്. പകുതിയിലേറെ കേസുകളും ചൈനയിലാണ് റിപ്പോ‍ർട്ട് ചെയ്യപ്പെടുന്നത്.

നിലവിൽ കപ്പലിൽ ഉള്ള മറ്റുള്ളവർക്ക് രോ​ഗലക്ഷണങ്ങളില്ല. വ്യത്യസ്ത ദ്വീപുകളിലൂടെ ക്രൂയിസ് യാത്ര നടത്തിയിരുന്നുവെന്നും ഇവിടങ്ങളിൽ ചിലയിടങ്ങളിൽ എലികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും ബന്ധപ്പെട്ടവർ പറ‍ഞ്ഞു. കപ്പൽ കാനറി ദ്വീപുകളിലേക്ക് യാത്ര തുടരുന്നതുസംബന്ധിച്ച് ലോകാരോ​ഗ്യ സംഘടന സ്പാനിഷ് അധികൃതരുടെ സംസാരിച്ചു വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഡംബര ക്രൂസ് കപ്പലിലെ 3 പേരുടെ മരണത്തിന് കാരണം ഹാന്‍റാ വൈറസ് അണുബാധ, വൈറസ് പടർത്തുന്നത് എലി; ചികിത്സ വൈകിയാൽ മരണം ഉറപ്പ്
ഹോർമുസ് കടക്കാൻ എല്ലാ കപ്പലുകൾക്കും അനുമതി നിർബന്ധമെന്ന് ഇറാൻ, 'അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചു'