സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം, ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ റുഷ്ദിക്ക് കുത്തേറ്റു

By Web TeamFirst Published Aug 12, 2022, 8:58 PM IST
Highlights

വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മുഖത്തടിയ്ക്കുകയായിരുന്നു. 

ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്‍റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. 

നോവലിസ്റ്റായ റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ച വര്‍ഷമാണ് 1988. പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ അദ്ദേഹത്തിന്‍റെ സാറ്റാനിക് വേർസസ് എന്ന നോവൽ നിരൂപക പ്രശംസ നേടി. എന്നാൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധിക്കപ്പെട്ടു. മതനിന്ദാപരമായ പരാമർശങ്ങളുണ്ടെന്നായിരുന്നു ആരോപണം. സഹിഷ്ണുതയുടെ അതിർവരമ്പുകളെല്ലാം മറികടന്ന് 1989 ഫെബ്രുവരി 14 ന് അദ്ദേഹത്തിനെതിരെ ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ ഫത്വ പുറപ്പെടുവിച്ചു. റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004 ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.

1947 ജൂൺ 19 ന് ബോംബെയിലാണ് റുഷ്ദിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.

click me!