ശ്രീലങ്കയിലെ ആക്രമണം: പിന്നില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകരെന്ന് അന്വേഷണ സംഘം

By Web TeamFirst Published Apr 25, 2019, 9:01 AM IST
Highlights

സ്ഫോടനത്തിന് ഉപയോഗിച്ച ജാക്കറ്റുകള്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയെത്തിവരാണ് ഇവരാണ് ചാവേര്‍ ബോംബ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമെന്നും അന്വേഷണ സംഘം പറയുന്നു. 

പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന് എങ്ങനെയാണ് ഐഎസ് സഹായം ലഭിച്ചതെന്നാണ് അന്വേഷണ സംഘം പ്രധാനമായി പരിഗണിക്കുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച ജാക്കറ്റുകള്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 139 പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്. 

2014-16 കാലയളവില്‍ ശ്രീലങ്കയില്‍നിന്ന് 30 പേര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി 2016ല്‍ ജസ്റ്റിസ് മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരും സമ്പന്നരുമാണ് ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, കൃത്യമായ അന്വേഷണം നടത്താനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറായില്ല. ബുദ്ധ പ്രതിമകള്‍ തകര്‍ത്തത്തിന് ഡിസംബറില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം കാര്യക്ഷമമായില്ല. 

ഒരു സ്ത്രീയുള്‍പ്പെടെ ഒമ്പത് പേരാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേര്‍ അറസ്റ്റിലായി. അന്വേഷണവുമായി സഹകരിക്കാമെന്ന് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍നിന്ന് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

click me!