ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി; ചൈനീസ് പൗരന്മാര്‍ക്ക് നേരെ അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Oct 3, 2022, 3:17 PM IST
Highlights

സ്വന്തം പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പാകിസ്ഥാൻ സർക്കാരിനെയോ രാജ്യത്തെ മറ്റ് സര്‍ക്കാര്‍ ഏജൻസികളെയോ വിമര്‍ശിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിട്ടില്ല.


ഇസ്ലാമാബാദ്: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) ആരംഭിച്ചത് മുതൽ, പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലും പാക് അധിനിവേശ കശ്മീർ മേഖലയിലും ചൈനീസ് പൗരന്മാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, പ്രത്യേകിച്ച് സിപിഇസി പദ്ധതികളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലേക്ക് കൂടുതല്‍ ചൈനക്കാർ എത്തിയതിന് പിന്നാലെ പാകിസ്ഥാനിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിലെ തങ്ങളുടെ ആക്രമണ ലക്ഷ്യമായി ചൈനയുടെ നിര്‍മ്മാണ മേഖലയെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ബുധനാഴ്ച, കറാച്ചിയിലെ സദ്ദാർ ഏരിയയിലെ ഡെന്‍റൽ ക്ലിനിക്കിനുള്ളിൽ അജ്ഞാതൻ വെടിയുതിർത്തതിനെ തുടര്‍ന്ന് ഒരു ചൈനീസ് പൗരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെഹ്ബാസ് ഷെരീഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കറാച്ചിയിൽ ചൈനീസ് പൗരന്മാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് ഏഷ്യൻ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) ആരംഭിച്ചതിന് ശേഷം, ഇത് ചൈനീസ് പൗരന്മാർക്കും പാകിസ്ഥാനിലെ താൽപ്പര്യങ്ങൾക്കും നേരെയുള്ള പത്താമത്തെ ആക്രമണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ ജനുവരി 17 ന് ചൈന തങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ച് സിന്ധ് പ്രവിശ്യയിലെ രാഷ്ട്രീയ പ്രവർത്തകരും പൗരന്മാരും ചേര്‍ന്ന് വന്‍ ചൈനാ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കൊപ്പം സ്വാതന്ത്രാനുകൂല മുദ്രാവാക്യങ്ങളും അന്ന് റാലിയില്‍ ഉയര്‍ന്ന് കേട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചൈനാ - പാക് നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാനിലെ തുറമുഖമായ ഗ്വാദറില്‍ ചൈന അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അപ്പർ കോഹിസ്ഥാൻ പ്രദേശത്തെ ചൈനീസ് നിര്‍മ്മാണമായ ദാസു ജലവൈദ്യുത പദ്ധതിയിലേക്ക് പോവുകയായിരുന്ന ചൈനീസ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ ഒമ്പത് ചൈനീസ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 

2021 ഏപ്രിലിൽ പാക്കിസ്ഥാനിലെ ക്വറ്റയിലെ ആഡംബര ഹോട്ടലിൽ നടന്ന ചാവേർ ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020 ജൂലൈയിൽ, നീലം ഝലം, കൊഹാല ജലവൈദ്യുത നിലയങ്ങളുടെ അനധികൃത നിർമാണത്തെ അപലപിച്ച് ചൈനയ്‌ക്കെതിരെ പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. 2020 നവംബർ 18 ന്, ആയിരക്കണക്കിന് പാകിസ്ഥാൻ തൊഴിലാളികൾ ചൈനയ്‌ക്കെതിരെ കറാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. ചൈനീസ് തൊഴിലാളികള്‍ക്കും പാക് തൊഴിലാളികള്‍ക്കും രണ്ട് തരം വേതനം എന്നതായിരുന്നു സമരത്തിന് കാരണമെന്ന് ഏഷ്യൻ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ബലൂച് ലിബറേഷൻ ആർമി 2018 നവംബറിൽ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് ആക്രമിച്ചിരുന്നു. അതേ വര്‍ഷം ഓഗസ്റ്റിൽ ബലൂചിസ്ഥാനിലെ ദൽബന്ദിൻ നഗരത്തിൽ ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ച ബസ് ചാവേർ ബോംബർമാർ അക്രമിച്ചു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, പാകിസ്ഥാനില്‍ ചൈനീസ് തൊഴിലാളികള്‍ നിരന്തരം അക്രമണത്തിന് വിധേയരാകുമ്പോഴും സ്വന്തം പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍  പാകിസ്ഥാൻ സർക്കാരിനെയോ രാജ്യത്തെ മറ്റ് സര്‍ക്കാര്‍ ഏജൻസികളെയോ വിമര്‍ശിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിട്ടില്ലെന്നത് വിദേശ നിരീക്ഷകര്‍ക്ക് ആശ്ചര്യമാണെന്നും ഏഷ്യൻ ലൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 

click me!