
ദില്ലി: ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ ബ്രിട്ടൻ അന്താരാഷ്ട്ര സഹകരണം തേടി. അതേസമയം സംഘർഷമല്ല ആഗ്രഹിക്കുന്നതെന്ന് ഇറാൻ ആവർത്തിച്ചു.
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോയിൽ നാല് മലയാളികളും ബ്രിട്ടൻ പിടിച്ച ഇറാൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികളുമാണുള്ളത്. സ്റ്റെനാ ഇംപാറോയുടെ ക്യാപ്റ്റൻ പി ജി സുനിൽകുമാർ മലയാളിയാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആലുവ സ്വദേശികളായ ഷിജു,ഡിജോ,കണ്ണൂർ സ്വദേശി പ്രജിത്ത് എന്നിവരും കപ്പലിലുണ്ട്.
ബന്ദർ അബ്ബാസ് തുറമുഖത്തെ കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടെങ്കിലും ഇവരെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ജീവനക്കാരുമായി സംസാരിക്കാൻ ശ്രമിക്കുകയാണെന്ന് കപ്പലുടമകളായ സ്വീഡിഷ് കമ്പനി അറിയിച്ചു. ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് വൺ കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
നാളെ ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കപ്പലിലെത്തി ഇന്ത്യക്കാരെ കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. കപ്പലിലുള്ളവർ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടരുതെന്ന് കമ്പനി അധികൃതർ നിർദ്ദേശം നൽകി. ഈ കപ്പലിൽ ഗുരുവായൂര്‍,മലപ്പുറം ,കാസര്‍ഗോഡ് സ്വദേശികളുണ്ട്.
അതിനിടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ നാവിക സേനയെ വിന്യസിക്കാൻ തീരുമാനിച്ചതായി വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ബ്രിട്ടീഷ് പാർലമെന്‍റിനെ അറിയിച്ചു. സ്റ്റെനാ ഇംപാറോ നിയമലംഘനം നടത്തി യാത്ര ചെയ്യുകയായിരുന്നെന്ന് ഇറാന്‍ ആവർത്തിച്ചു ഇറാന്‍ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam