സാമ്പത്തിക ആശങ്കകൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വിലക്കയറ്റം എന്നിവയാണ് ട്രംപ് ഭരണത്തിനെതിരെ ജനവികാരം ഉയരാനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ഭൂരിഭാഗം യുഎസ് വോട്ടർമാരും അതൃപ്തരാണെന്ന് പുതിയ സർവ്വേ ഫലം. ഫോക്സ് ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ സർവ്വേയിലാണ് കണ്ടെത്തൽ. സാമ്പത്തിക ആശങ്കകളും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ട്രംപ് സർക്കാരിനെതിരെ ജനവികാരം ഉയരാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

57 ശതമാനം വോട്ടർമാർ ട്രംപിന്റെ പ്രവർത്തനത്തെ എതിർക്കുമ്പോൾ, 43 ശതമാനം പേർ മാത്രമാണ് അനുകൂലിക്കുന്നതെന്ന് സർവ്വേയിൽ കണ്ടെത്തി. ജനുവരി, ഡിസംബർ മാസങ്ങളിൽ നടന്ന സർവ്വേകളിലെ കണക്കുകളിൽ നിന്നും വലിയ മാറ്റമൊന്നും ഇതിൽ പ്രകടമല്ല എന്നതാണ് ട്രംപിന് തലവേദനയാകുന്നത്. അതിർത്തി സുരക്ഷയുടെ കാര്യത്തിൽ മാത്രമാണ് ട്രംപിന് അൽപ്പമെങ്കിലും ആശ്വസിക്കാൻ വകയുള്ളത്. 52 ശതമാനം പേർ അതിർത്തി സുരക്ഷയിലെ ട്രംപിന്റെ നിലപാടിനെ പിന്തുണച്ചു. 48 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി.

മറ്റ് മിക്ക വിഷയങ്ങളിലും ട്രംപിന് തിരിച്ചടിയാണ് നേരിട്ടത്. ജീവിതച്ചെലവ് നിയന്ത്രിക്കുന്ന കാര്യത്തിൽ 32 ശതമാനം പേർ മാത്രമാണ് ട്രംപ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. 67 ശതമാനം പേർ ഇക്കാര്യത്തിൽ അതൃപ്തരാണ്. താരിഫ്, സാമ്പത്തിക രംഗം, ആരോഗ്യം, വിദേശനയം, നികുതി, തൊഴിൽ തുടങ്ങിയ മേഖലകളിലും ട്രംപിന് വോട്ടർമാർ നെഗറ്റീവ് റേറ്റിംഗാണ് നൽകിയിരിക്കുന്നത്. രാഷ്ട്രീയമായ ഭിന്നതകളും ഫോക്സ് ന്യൂസിന്റെ സർവ്വേയിൽ പ്രകടമാണ്. ഡെമോക്രാറ്റുകളിൽ 95 ശതമാനം പേരും ട്രംപിനെ എതിർത്തു. റിപ്പബ്ലിക്കൻമാരിൽ 87 ശതമാനം പേർ അദ്ദേഹത്തെ പിന്തുണച്ചു. എന്നാൽ, നിഷ്പക്ഷ വോട്ടർമാരിൽ 72 ശതമാനം പേരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തുകയാണുണ്ടായത്.

അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് വോട്ടർമാരുടെ പ്രധാന ആശങ്കയെന്ന് സർവ്വേയിൽ വ്യക്തമായി. വെറും 30 ശതമാനം പേർ മാത്രമാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മികച്ചതാണെന്ന് കരുതുന്നത്. വിലക്കയറ്റം വോട്ടർമാരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് തങ്ങളെ ബാധിക്കുന്നുണ്ടെന്ന് 81 ശതമാനം പേർ വ്യക്തമാക്കി. വില ക്രമാതീതമായി വർദ്ധിച്ചു എന്നാണ് ഇതിൽ 56 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. വൈദ്യുതി, വാതക നിരക്കുകൾ, ചികിത്സ, വീട്, പെട്രോൾ എന്നിവയുടെ വിലക്കയറ്റവും ജനങ്ങളെ വലയ്ക്കുന്നുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.

വെറും 22 ശതമാനം പേർ മാത്രമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കരുതുന്നത്. 57 ശതമാനം വോട്ടർമാരും തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറയുന്നു. യുവാക്കൾക്കിടയിലും, കറുത്തവർഗ്ഗക്കാർക്കിടയിലും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കിടയിലുമാണ് ഈ ആശങ്ക കൂടുതലായി പ്രകടമാകുന്നത്. അതേസമയം, ഫെഡറൽ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ വെറും 8 ശതമാനം പേർ മാത്രമാണ് വലിയ തൃപ്തി രേഖപ്പെടുത്തിയത്. 32 ശതമാനം പേർ വാഷിംഗ്ടൺ ഭരണകൂടത്തോട് കടുത്ത അമർഷത്തിലാണ്. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലും വോട്ടർമാർ അതൃപ്തരാണ്. 70 ശതമാനം പേർ ഡെമോക്രാറ്റിക് അംഗങ്ങളുടെ പ്രവർത്തനത്തെ എതിർക്കുകയാണ് ചെയ്തത്.

ട്രംപിന്റെ താരിഫ് നയത്തെ 63 ശതമാനം പേർ എതിർത്തു എന്നതാണ് ശ്രദ്ധേയം. ഇത് സാധനങ്ങളുടെ വില കൂടാനും വ്യാപാര യുദ്ധങ്ങൾക്കും കാരണമാകുമെന്ന് വോട്ടർമാർ ആശങ്കപ്പെടുന്നു. കൂടാതെ, താരിഫ് ചുമത്താനുള്ള സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീം കോടതി വിധി നീതിയുക്തമാണെന്ന് 62 ശതമാനം പേർ അഭിപ്രായപ്പെട്ടതും ട്രംപിന് തിരിച്ചടിയായി. എന്നാൽ, സുപ്രീം കോടതിയുടെ തന്നെ ജനപ്രീതിയിൽ ഇടിവുണ്ടായിട്ടുണ്ടെന്നും സർവ്വേ സൂചിപ്പിക്കുന്നുണ്ട്.