Latest Videos

ശ്രീലങ്കയിൽ ഇനി രാജപാക്സെ സഹോദരൻമാരുടെ ഭരണം; റെനിൽ വിക്രമസിംഗെ രാജിവച്ചു, മഹിന്ദ രാജപാക്സെ പ്രധാനമന്ത്രിയാകും

By Web TeamFirst Published Nov 20, 2019, 8:32 PM IST
Highlights

പാർലമെന്‍റിൽ ഇപ്പോഴും ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്‍റ് തെര‌‍ഞ്ഞെടുപ്പിലെ ജനവിധി മാനിച്ചാണ് രാജി പ്രഖ്യാപിച്ചതെന്ന് റെനിൽ വിക്രമസിംഗെ വിശദീകരിച്ചു. 

കൊളംമ്പോ: ശ്രീലങ്കയിൽ മഹിന്ദ രാജപാക്സെ പുതിയ പ്രധാനമന്ത്രിയാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഗോട്ടബായ രാജപാക്സെയാണ് സഹോദരൻ മഹിന്ദ രാജപാക്സെ പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്. മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് കൂടിയാണ് മഹിന്ദ രാജപക്സെ. റെനിൽ വിക്രമസിംഗെ രാജി വച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിക്രമസിംഗെ മന്ത്രിസഭയിലെ അംഗം സജിത്ത് പ്രേമദാസ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി. 52 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ച ഗോതബായ രജപക്സെ കഴിഞ്ഞ ദിവസം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.   

അധികാരത്തിലെത്തിയാൽ സഹോദരനും മുൻപ്രസിഡന്റുമായ മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കുമെന്ന് ഗോട്ടബായ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. തമിഴ് പുലികളെ അമർച്ച ചെയ്ത നടപടികളാൽ പ്രസിദ്ധരായ രാജപാക്സെ സഹോദരൻമാർ ശ്രീലങ്കയിലെ വർഷങ്ങൾ നീണ്ട ആഭ്യന്തര കലാപ കാലത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നവരാണ്. മഹിന്ദ പ്രസിഡന്‍റായിരുന്ന സമയത്ത് ഗോട്ടബായ പ്രതിരോധ സെക്രട്ടറിയായിരുന്നു. മഹിന്ദ രാജപക്സെ ആദ്യമായ പ്രസിഡന്‍റായ സമയത്ത് ഇവരുടെ മറ്റൊരു സഹോദരനായ ചമാൽ പാർലമെന്‍റ് സ്പീക്കറായിരുന്നു. 

പാർലമെന്‍റിൽ ഇപ്പോഴും ഭൂരിപക്ഷമുണ്ടെങ്കിലും പ്രസിഡന്‍റ് തെര‌‍ഞ്ഞെടുപ്പിലെ ജനവിധി മാനിച്ചാണ് രാജി പ്രഖ്യാപിച്ചതെന്ന് റെനിൽ വിക്രമസിംഗെ വിശദീകരിച്ചു. 

click me!