ഇസ്രായേല്‍ സൈന്യം ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ; 'പരാതി ഗൗരവകരം'

Published : Jun 16, 2026, 03:56 PM IST
Gaza-bound Global Sumud Flotilla,

Synopsis

ഇസ്രായേല്‍ സൈന്യം തങ്ങളെ തട്ടിയെടുത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതായി മോചിതരായ ഉടനെ തന്നെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതോടെ സംഭവം വലിയ വിവാദമായി.

മെല്‍ബണ്‍: ഗാസയിലേക്ക് അന്താരാഷ്ട്ര സഹായവുമായി ചെന്ന കപ്പലിലെ സന്നദ്ധപ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മെയ് മാസത്തില്‍ ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബല്‍ സുമുദ് സഹായക്കപ്പലിലുണ്ടായിരുന്ന ഓസ്ട്രേലിയന്‍ വനിതാ ആക്ടിവിസ്റ്റുകളുടെ പരാതിയിലാണ് പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.

കപ്പലിലുണ്ടായിരുന്ന നാല് വനിതാ ആക്ടിവിസ്റ്റുകള്‍ തിങ്കളാഴ്ച വിദേശകാര്യ മന്ത്രി പെന്നി വോങ്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

തങ്ങളെ ഇസ്രായേല്‍ സൈന്യം തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന പരാതികളില്‍ സ്വതന്ത്രമായ അന്വേഷണം നടത്താമെന്ന് പോലീസ് ഉറപ്പുനല്‍കിയതായി ആക്ടിവിസ്റ്റുകളില്‍ ഒരാളായ ജൂലിയറ്റ് ലാമോണ്ട് മാധ്യമങ്ങളോട് പറഞ്ഞു. വിദേശകാര്യ മന്ത്രി പെന്നി വോങ് തങ്ങളുടെ പരാതികള്‍ വിശ്വസത്തിലെടുത്തതായും അവര്‍ പറഞ്ഞു.

ഇരകളുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക അന്വേഷണ രീതിയാണ് സ്വീകരിക്കുകയെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അതീവ ഗുരുതരമായതിനാല്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്നും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മെയ് 18-നാണ് ഉപരോധം മൂലം ദുരിതത്തിലായ ഗാസയിലേക്ക് ലോകമെങ്ങും നിന്നുള്ള സഹായവസ്തുക്കളുമായി അന്താരാഷ്ട്ര സഹായക്കപ്പല്‍ ഗാസയ്ക്കടുത്ത് എത്തിയത്. തുടര്‍ന്ന്, ഇസ്രായേല്‍ സൈന്യം കപ്പല്‍ തടയുകയും പതിനൊന്ന് ഓസ്ട്രേലിയക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തത്.

തടവിലാക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ കൈകള്‍ പിന്നില്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവരെ ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീര്‍ പരിഹസിക്കുന്ന വീഡിയോയും പുറത്തുവന്നു. തുടര്‍ന്ന്, അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇസ്രായേല്‍ മന്ത്രിയുടെ നടപടിയെ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സംഭവം വിവാദമായതോടെ, മന്ത്രിയുടെ പ്രവൃത്തി ഇസ്രായേലിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തിരുത്തേണ്ടി വന്നു.

ഇസ്രായേല്‍ സൈന്യം തങ്ങളെ തട്ടിയെടുത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതായി മോചിതരായ ഉടനെ തന്നെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതോടെ സംഭവം വലിയ വിവാദമായി. തങ്ങളുടെ രാജ്യങ്ങളില്‍ പരാതി നല്‍കുമെന്നും ആക്ടിവിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓസ്‌ട്രേലിയന്‍ ആക്ടിവിസ്റ്റുകള്‍ പരാതി നല്‍കിയതും അന്വേഷണവുമായി ഓസ്‌ട്രേലിയ രംഗത്തുവന്നതും.

അതിനിടെ ഓസ്ട്രേലിയന്‍ ആക്ടിവിസ്റ്റുകളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഓസ്ട്രേലിയയിലെ ഇസ്രായേല്‍ എംബസി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ എത്തിയവരാണെന്നും ലൈംഗിക അതിക്രമ ആരോപണങ്ങള്‍ക്ക് തെളിവുകളുമില്ലെന്നുമാണ് ഇസ്രായേലിന്റെ വാദം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എബോള ഉറവിടകേന്ദ്രത്തിലെ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ആഘോഷം; അതിനൊരു കാരണമുണ്ട്!
ഒറ്റക്കൈ കൊണ്ട് പാറയില്‍ പിടിച്ച് മറുകൈ വീശിക്കാണിച്ച് അഭ്യാസം; സോഷ്യല്‍ മീഡിയയിലെ 'സ്‌പൈഡര്‍മാന്' അഗ്‌നിപര്‍വ്വത ഗര്‍ത്തത്തില്‍ ദാരുണാന്ത്യം