ആക്സിയം 4 ദൗത്യ വിക്ഷേപണത്തിൽ മാറ്റം, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ പത്തിന് ഫ്ലോറിഡയിൽ നിന്ന്!

Published : Jun 03, 2025, 10:46 PM IST
ആക്സിയം 4 ദൗത്യ വിക്ഷേപണത്തിൽ മാറ്റം, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ പത്തിന് ഫ്ലോറിഡയിൽ നിന്ന്!

Synopsis

രാകേഷ് ശർമ്മയ്ക്കായി ഒരു സ‌‌ർപ്രൈസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് ശുഭാംശു ഇന്നും ആവർത്തിച്ചു

ഫ്ലോറിഡ: ഇന്ത്യയുടെ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രാ പദ്ധതിയിൽ ചെറിയ മാറ്റം. ഈ മാസം 8 ന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം 4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി ജൂൺ പത്തിനാകും നടക്കുക. ഇന്ത്യൻ സമയം വൈകീട്ട് 5:52 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. ജൂൺ പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. രാകേഷ് ശർമ്മയ്ക്കായി ഒരു സ‌‌ർപ്രൈസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് ശുഭാംശു ഇന്നും ആവർത്തിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ ഒരു വി ഐ പിയോട് കൂടി ബഹിരാകാശത്ത് നിന്ന് സംവദിക്കുമെന്നാണ് ശുഭാംശു പറയുന്നത്. ബഹിരാകാശം വിദൂര സ്വപ്നമല്ലെന്ന് കുട്ടികള്‍ക്ക് ഈ ദൗത്യത്തിലൂടെ മനസിലാകുമെന്നും ശുഭാംശു പറഞ്ഞു.

വിശദ വിവരങ്ങൾ ഇങ്ങനെ

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാഗമായ ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ജൂൺ 10 ന് വൈകീട്ട് 5:52 ന് ഫ്ലോറിഡയിൽ നടക്കും. യാത്രക്ക് മുന്നോടിയായുള്ള ക്വാറന്‍റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യു പി സ്വദേശി ശുഭാംശു ശുക്ല. ഐ എസ് ആർ ഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര. റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐ എസ് ആർ ഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 2019ലാണ് നാസ ഈ പദ്ധതി അവതരിപ്പിച്ചത്. കരാർ കിട്ടിയത് ആക്സിയം സ്പേസിനാണ്. ആദ്യ ധാരണ പ്രകാരമുള്ള നാല് ദൗത്യങ്ങളിൽ അവസാനത്തേതാണ് ശുഭാംശുവും സംഘവും യാത്ര പോകുന്ന ആക്സിയം 4. ആദ്യ ദൗത്യം ആക്സിയം വൺ നടന്നത് 2022 ഏപ്രിലിലായിരുന്നു. രണ്ടാം ദൗത്യം ആക്സിയം ടു 2023 മേയിലും, ആക്സിയം 3 ജനുവരി  2024 ലും നടന്നു. ആക്സിയം 4 ന് ശേഷം രണ്ട് ദൗത്യങ്ങൾക്ക് കൂടി അടുത്തിടെ അനുമതിയായിട്ടുണ്ട്.

ദൗത്യത്തിനായി ഇന്ത്യ ചെലവിട്ടത് 600 കോടി രൂപയ്ക്കടുത്തെന്നാണ് വിവരം. യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.
പക്ഷേ ആദ്യ ആക്സിയം ദൗത്യത്തിൽ ഒരു സീറ്റിന് ഈടാക്കിയത് 55 മില്യൺ ഡോളറായിരുന്നു. ഗഗൻയാൻ യാത്രകൾക്ക് മുന്നോടിയായി മനുഷ്യയാത്രാ ദൗത്യങ്ങളിൽ അനുഭവം നേടുകയാണ് ആക്സിയം 4 ദൗത്യത്തിലൂടെ ഇന്ത്യയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ പണത്തേക്കാൾ മൂല്യമുണ്ട് ഈ യാത്രയ്ക്ക്. ശുഭാംശുവടക്കം നാല് പേരാണ് ആക്സിയം 4 ൽ ഐ എസ് എസിലേക്ക് പോകുന്നത്. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണാണ് മിഷൻ കമാൻഡർ. ശുഭാംശുവാണ് മിഷൻ പൈലറ്റ്. പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യ സംഘാംഗങ്ങൾ. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ ലോകത്തിലെ തന്നെ എറ്റവും പ്രശസ്തയായ ബഹിരാകാശ യാത്രികരിൽ ഒരാളാണ്. ബഹിരാകാശത്ത് എറ്റവും കൂടുതൽ സമയം ചെലവഴിച്ച അമേരിക്കൻ യാത്രികയെന്ന റെക്കോർഡ് അവരുടെ പേരിലാണ്. ഇന്ത്യക്ക് മാത്രമല്ല, പോളണ്ടിനും, ഹംഗറിക്കും ഇത് വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്തേക്കുള്ള മടക്കയാത്രയാണ്. അവസാനമായി ഒരു പോളണ്ടുകാരൻ ബഹിരാകാശത്തേക്ക് പോയത് 1978 ലും ഹംഗറിക്കാരൻ പോയത് 1980 ലുമായിരുന്നു. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാംശുവിന്റെ ബാക്കപ്പ്. ശുഭാംശുവിന് എന്തെങ്കിലും സാഹചര്യത്തിൽ ദൗത്യം നടത്താനാകാതെ വന്നാലാണ് പ്രശാന്ത് യാത്ര ചെയ്യുക. എന്തായാലും ബഹിരാകാശത്ത് വീണ്ടും ഒരു ഇന്ത്യാക്കാരനെത്തുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും'; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്