
ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനെയി ഇല്ലാത്ത ഇറാന്‍റെ ഭാവി പ്രവചനാതീതമാണ്. നാലര പതിറ്റാണ്ട് മുന്‍പുളള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ എന്നതാണ് പ്രധാന ചോദ്യം. പരമോന്നത പദവയില്‍ ഖമനെയിയുടെ പിന്‍ഗാമി മുതല്‍ ആണവ പദ്ധതിയുടെ ഭാവി ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഇറാന് മുൻപിലുണ്ട്.
1939 ഏപ്രിൽ 19-ന് മഷാദിലെ ഒരു പുരോഹിത കുടുംബത്തിലാണ് ഖമനെയി ജനിച്ചത്. മഷാദിലും പിന്നീട് ഖോമിലും ഇസ്ലാമിക ദൈവശാസ്ത്രം പഠിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശില്പിയായ ആയത്തുള്ള റൂഹൊള്ള ഖമനെയി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഷാ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ പലതവണ ജയിൽവാസം അനുഭവിച്ചു. പിന്നീട് പടിപടിയായി ഉയർച്ച. 1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1981-ൽ നടന്ന വധശ്രമത്തിൽ അദ്ദേഹത്തിന്റെ വലതുകൈ ഭാഗികമായി തളർന്നു. 1989-ൽ റൂഹൊള്ള ഖമനെയിയുടെ മരണ ശേഷം 'അസംബ്ലി ഓഫ് എക്സ്പെർട്സ്' അദ്ദേഹത്തെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. സൈന്യത്തിന്റെ കമാൻഡർ, ജുഡീഷ്യറി തലവൻ, മാധ്യമങ്ങളുടെ നിയന്ത്രണം എന്നിങ്ങനെ ഇറാന്റെ സകല അധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകരിച്ചു.
ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവ്. സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്.ആണവ നയത്തിന്റെ അന്തിമവാക്ക്. ജുഡീഷ്യറി, രഹസ്യാന്വേഷണം, സ്റ്റേറ്റ് മീഡിയ എല്ലാം ഒരധികാരത്തിൻ്റെ കീഴിൽ. ഐആർജിസിയുടെ കമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. 1989 മുതൽ ഇന്നുവരെ ഏകദേശം 35 വർഷം ഇറാന്റെ എല്ലാ നിർണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.
അദ്ദേഹത്തിന്റെ കാലയളവിൽ മുഹമ്മദ് ഖതാമി, മഹ്മൂദ് അഹമ്മദി നെജാദ്, ഹസൻ റൂഹാനി തുടങ്ങിയവർ പ്രസിഡന്റുമാരായിരുന്നെങ്കിലും അന്തിമ തീരുമാനം ഖമനെയിയുടേതായിരുന്നു. 2009-ലെ വിവാദ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെ അദ്ദേഹം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തി. ലെബനൻ, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിൽ ഖമനേയിയുടെ കാലത്ത് ഇറാൻ സ്വാധീനം വർദ്ധിപ്പിച്ചു. ഇസ്രായേലിനോടുള്ള കടുത്ത ശത്രുത അദ്ദേഹം എപ്പോഴും പ്രകടമാക്കിയിരുന്നു.
2015-ൽ ഹസൻ റൂഹാനിയുടെ കാലത്ത് ഒപ്പിട്ട ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതിനെ നേരിടാൻ "പ്രതിരോധ സമ്പദ്‌വ്യവസ്ഥ" എന്ന രീതി ഖമനെയി മുന്നോട്ടുവെച്ചു. അവസാന വർഷങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും നേരിട്ടു. ഇറാന്റെ പരമാധികാരത്തിന്റെ കാവലാളായി അനുയായികൾ അദ്ദേഹത്തെ കാണുമ്പോൾ, ജനാധിപത്യം ഇല്ലാതാക്കിയ നേതാവായാണ് വിമർശകർ ഖമനെയിയെ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam