2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തു

ബ്രിട്ടൻ: ഏറെ ആഗ്രഹിച്ച് ഇന്ത്യയിലേക്കുള്ള യാത്ര. എന്നാൽ യാത്രയ്ക്കൊടുവിൽ ഗുരുതര രോഗബാധ. 42 കാരി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം. ലോറി ഡെൻമാൻ എന്ന 42കാരിയായ യുവതിയാണ് ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ഇരുപതാം വയസിൽ 2007ലാണ് ഇവർ ഇന്ത്യയിലെത്തിയത്. സന്ദർശനത്തിലുടനീളം ഇവർ സസ്യാഹാരം ആയിരുന്നു കഴിച്ചിരുന്നത്. 2010ൽ ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കുമ്പോൾ മലത്തിനൊപ്പം ഒരു മീറ്ററോളം നീളമുള്ള വിര പുറത്ത് പോയത് യുവതി ശ്രദ്ധിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനകളിലൊന്നും അസ്വഭാവികതയൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. 2011ലാണ് യുവതിക്ക് കടുത്ത തലവേദനയും പിന്നാലെ അപസ്മാരവും ഉണ്ടായി. തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി സ്കാനിങ്ങുകളിലാണ് തലച്ചോറിൽ 38 വിരകളുടെ ലാർവകൾ അടങ്ങിയ മുഴകൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുന്നത്. യുവതിക്ക് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്നിയിൽ കാണപ്പെടുന്ന ടീനിയ സോളിയം എന്ന വിരയുടെ മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. സസ്യാഹാരം മാത്രം കഴിച്ച യുവതിക്ക് എങ്ങനെ ഈ രോഗം വന്നുവെന്നതാണ് നിലവിൽ വലിയ രീതിയിൽ ചർച്ചയാവുന്നത്. വർഷങ്ങളോളം നീണ്ട കഠിനമായ ചികിത്സാ ഘട്ടങ്ങളിലൂടെയാണ് ലോറി കടന്നുപോയത്. തലച്ചോറിലെ വിരകൾക്ക് ചുറ്റും വൻതോതിൽ വീക്കമുണ്ടായതിനെ തുടർന്ന് ഇവർക്ക് ശരീരത്തിൽ തരിപ്പും മാനസികാസ്വാസ്ഥ്യങ്ങളും , കടുത്ത വിഷാദവും അനുഭവപ്പെട്ടു. രോഗം മൂർച്ഛിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വരികയും മാസങ്ങളോളം ന്യൂറോ സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടതായും വന്നു. ഒടുവിൽ വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം 2017 മുതൽ ഇവർക്ക് അപസ്മാരബാധ ഉണ്ടായിട്ടില്ല. തലച്ചോറിലെ വിരകൾ ശസ്ത്രക്രിയ വഴി പുറത്തെടുത്തിട്ടില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ഇവയെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ലോറി ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജീവിതകാലം മുഴുവൻ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്.

ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെയോ, മലിനമായ വെള്ളത്തിലൂടെയോ, കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയോ പോർക്ക് ടേപ്പ് വേം മുട്ടകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിലെത്തുന്ന മുട്ടകൾ വിരിഞ്ഞ് രക്തയോട്ടത്തിലൂടെ തലച്ചോറിലെ കോശങ്ങളിലെത്തുകയും അവിടെ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകൾ ആയി മാറുകയും ചെയ്യുന്നു.ഈ വിരകൾ തലച്ചോറിലെത്തി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും ലക്ഷണങ്ങൾ കാണിക്കുക. വിരകളുടെ എണ്ണവും അവ തലച്ചോറിൽ എവിടെയാണെന്നതും അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് സംഭവിച്ച അനുഭവത്തിലൂടെ ഈ രോഗത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്താനാണ് ലോറി ഇപ്പോൾ ശ്രമിക്കുന്നത്. അവർക്ക് ഇന്ത്യയിൽ നിന്നു തന്നെയാണോ ഇത് കിട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവർ രോഗം ബാധിച്ചത് ഇന്ത്യയിൽ നിന്നാണ് എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം