
ചിക്കാഗോ: ഗർഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് വയറുകീറി പുറത്തെടുത്ത കുഞ്ഞിന് ദാരുണാന്ത്യം. ഗർഭ പാത്രത്തിൽ നിന്നും ബലാൽക്കാരമായി പുറത്തെടുത്തതിനെ തുടർന്ന് തലച്ചോറിനേറ്റ ഗുരുതര പരുക്ക് മൂലം രണ്ടാഴ്ച്ചയോളമായി യൊവാനി ജഡിയൽ ലോപസ് എന്ന പിഞ്ചോമന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ കണ്ണു തുറന്ന് മരുന്നുകളോട് പ്രതികരിച്ച യൊവാനിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ചിക്കാഗോയിലെ ഓക്ക്‌ലോൺ ക്രൈസ്റ്റ് മെഡിക്കൽ സെന്റർ ആശുപത്രിയിൽവച്ച് വെള്ളിയാഴ്ചയാണ് യൊവാനി ലോകത്തോട് വിടപറഞ്ഞത്.
ഏപ്രിൽ 13-ന് അമേരിക്കയിലെ ചിക്കാഗോയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. രണ്ട് വർഷം മുമ്പ് 22 വയസ്സുള്ള മകൻ മരിച്ചതിന്‍റെ ദുഃഖത്തിൽ കഴിയുന്ന 42 കാരിയായ ക്ലാറിസ ഫിഗ്വേരയും അവരുടെ മകൾ ഡിസിറി (24)യും ചേർന്നാണ് മൂന്ന് വയസ്സുകാരന്‍റെ അമ്മയും ഏഴ് മാസം ഗർഭിണിയുമായ മർലിൻ ഓകോ ലോപസിനെ (19) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വയർകീറി കുഞ്ഞിനെ പുറത്തെടുത്തത്.
ഒരു കുഞ്ഞിനെ വളർത്തണമെന്ന ക്ലാരിസോയുടെ ആഗ്രഹമാണ് ഇത്തമൊരു ക്രൂരകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത്. ഇതിനായി ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പിൽ കടന്നു കൂടിയ ക്ലാരിസോ ഗ്രൂപ്പിലെ സജീവ അംഗങ്ങളായ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അവിടെവച്ച് ക്ലാരിസോ മർലിനെ പരിചയപ്പെടുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ മർലിനെ ക്ലാരിസോയും മകളും ചേർന്ന് കേബിൾ ടിവിയുടെ വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും മർലിന്റെ മൃതദേഹം തൊട്ടടുത്തുള്ള മാലിന്യക്കൂപ്പയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
എന്നാൽ അശാസ്ത്രീയമായ രീതിയിൽ വയറുകീറി പുറത്തെടുത്ത കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കുഞ്ഞിനെ ക്ലാരിസോ ആശുപത്രിയിൽ എത്തിച്ചിരുന്നു. സ്വന്തം കുഞ്ഞാണെന്ന് പറഞ്ഞാണ് ക്ലാരിസോ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ക്ലാരിസോയേയും മകളെയും കൊലപാതകക്കുറ്റത്തിനും ക്ലാരിസോയുടെ 40കാരൻ കാമുകനെ കുറ്റകൃത്യം മറച്ച് വെച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam