പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്
ദില്ലി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ ഗൾഫിൽ പരീക്ഷകൾ വീണ്ടും മാറ്റി വെച്ചിട്ടുണ്ട്. ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സര്‍വീസ് നടത്തു. റിലീഫ് ഫ്ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ നാളെ നടക്കാനിരിക്കുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്.
അതിനിടെ, ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈറ്റിലും ഇറാനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.
കൂടാതെ, ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്‍റെ മറുപടി. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം തുടരുകയാണ്.



