
ദില്ലി: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ മരണം 16 ആയി. സംഘർഷത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘർഷത്തിലുമാണ് 16 പേർ മരിച്ചത്. ഫേസ്ബുക്ക്, വാട്സ്അപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളാണ് നേപ്പാളിൽ നിരോധിച്ചത്.
നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്സ്അപ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹമാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചാണ് സർക്കാർ നടപടി. പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് പ്രതിഷേധം തുടങ്ങി. സമരക്കാരെ നേരിടാൻ സൈന്യം ഇറങ്ങിയതോടെ കാഠ്മണ്ഡുവിലെ തെരുവുകൾ യുദ്ധക്കളമായി.
സമൂഹമാധ്യമങ്ങൾ വഴി കഴിഞ്ഞ കുറേ നാളുകളായി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പരിഹാസവും വിമർശനവും വ്യാപകമായിരുന്നു. നെപ്പോകിഡ്സ് എന്ന് ഹാഷ് ടാഗിൽ രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയും സാധാരണക്കാരുടെ ജീവിതശൈലിയും താരതമ്യം ചെയ്ത് ധാരാളം പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ അസ്വസ്ഥരായ അധികാരികൾ രജിസ്ട്രേഷന്റെ പേരിൽ സമൂഹമാധ്യമങ്ങളെ നിരോധിച്ചെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. കാഡ്മണ്ഡു തെരുവുകളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ദേശീയഗാനം പാടിയും സംസാരിക്കാനുള്ള സ്വതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം.
പ്രതിഷേധക്കാർ പാർലമെന്റിന് മുന്നിൽ ബാരിക്കേഡുകൾ തള്ളിക്കയറാൻ ശ്രമിക്കുമ്പോൾ സൈന്യം വെടി ഉതിർക്കുകയായിരുന്നു. പ്രതിഷേത്തെ തുടർന്ന് തലസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുയാണ്. അതേസമയം മെറ്റ ഉൾപ്പടെ കമ്പനികൾക്ക് ഓഗസ്റ്റിൽ നോട്ടീസ് നൽകിതാണെന്നും നേപ്പാളിൽ മറുപടി ഇല്ലാത്തതിനാലാണ് നടപടിയെന്നുമാണ് സർക്കാർ വിശദീകരണം. ടിക് ടോക്ക് പോലുള്ളവ രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam