ചികിത്സക്കും ബം​ഗ്ലാദേശ് ഇന്ത്യയെ കൈവിടുന്നോ, രോഗികൾ ചൈനയിലേക്ക് പോകുന്നു, മൂന്ന് ആശുപത്രികൾ ഒരുക്കി ചൈന

Published : Feb 19, 2025, 09:50 PM ISTUpdated : Feb 19, 2025, 09:51 PM IST
ചികിത്സക്കും ബം​ഗ്ലാദേശ് ഇന്ത്യയെ കൈവിടുന്നോ, രോഗികൾ ചൈനയിലേക്ക് പോകുന്നു, മൂന്ന് ആശുപത്രികൾ ഒരുക്കി ചൈന

Synopsis

ധാക്കയിൽ ബംഗ്ലാദേശ്-ചൈന സൗഹൃദ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചൈനയെ ബം​ഗ്ലാദേശ് സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ബംഗ്ലദേശിനോട് വിശദമായ റിപ്പോർ‌ട്ട് ചൈന തേടിയിട്ടുണ്ട്.

ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെ ചികിത്സക്കും ചൈനയെ ആശ്രയിക്കാൻ ബം​ഗ്ലാദേശ് തീരുമാനം. ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉടൻ ചൈനയിലേക്ക് മടങ്ങുമെന്ന് ബം​ഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശി രോഗികളുടെ ആദ്യ ഗ്രൂപ്പിന് ഈ വർഷം മാർച്ചിൽ തന്നെ ചൈനയിൽ ചികിത്സ ലഭിക്കും. ഷെയ്ഖ് ഹസീനയുടെ കാലത്ത് ബം​ഗ്ലാദേശ് പൗരന്മാർ ചികിത്സക്കായി കൊൽക്കത്തയെ ആശ്രയിച്ചിരുന്നു. ഓരോ മാസവും പതിനായിരത്തോളം ബംഗ്ലാദേശി രോഗികളാണ് കൊൽക്കത്തയിലെ ആശുപത്രികളിലെത്തിയിരുന്നത്. എന്നാൽ, ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയെത്തിയതോടെ ബന്ധത്തിൽ വിള്ളൽ വീണു. നിലവിൽ  കൊൽക്കത്തയിലെയും ത്രിപുരയിലെയും പല ആശുപത്രികളും ശരാശരി 10%-15% വരുമാന നഷ്ടം രേഖപ്പെടുത്തി. 

ചൈനയിലെ യുനാൻ പ്രവിശ്യയിലെ മൂന്ന് മികച്ച ആശുപത്രികൾ ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ സ്വീകരിക്കാൻ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ആസ്ഥാനമായുള്ള പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് ഹോസ്പിറ്റൽ, കുൻമിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അഫിലിയേറ്റഡ് ഹോസ്പിറ്റൽ, ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഫുവായ് യുനാൻ ഹോസ്പിറ്റൽ എന്നിവയിലാണ് സൗകര്യം ഒരുക്കുന്നത്. വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതുൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ധാക്കയിൽ നിന്നുള്ള പ്രതിനിധികൾ ചൈനീസ് ഉ​ദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്. 

ധാക്കയിൽ ബംഗ്ലാദേശ്-ചൈന സൗഹൃദ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചൈനയെ ബം​ഗ്ലാദേശ് സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ബംഗ്ലദേശിനോട് വിശദമായ റിപ്പോർ‌ട്ട് ചൈന തേടിയിട്ടുണ്ട്. ജൂലൈ-ഓഗസ്റ്റ് കലാപത്തിൽ പരിക്കേറ്റവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി പ്രത്യേക ആധുനിക ഉപകരണങ്ങൾ നൽകാനും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. 

രോഗികൾക്കുള്ള മെഡിക്കൽ വിസ ഇന്ത്യ നിരസിക്കുന്നതായി നേരത്തെ ബംഗ്ലാദേശ് പരാതിപ്പെട്ടിരുന്നു. ഓരോ വർഷവും ഏകദേശം 1.2 ലക്ഷം ബംഗ്ലാദേശി രോഗികൾ ഇന്ത്യ സന്ദർശിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭത്തെത്തുടർന്ന് പലരും സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് മാറാൻ തുടങ്ങി. ആരോപണങ്ങളോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഇന്ത്യൻ വിസ സെൻ്റർ, കഴിഞ്ഞ മാസം, ബംഗ്ലാദേശ് പൗരന്മാർക്ക് അടിയന്തര മെഡിക്കൽ, സ്റ്റുഡൻ്റ് വിസകൾ ആവശ്യമുള്ള പരിമിതമായ അപ്പോയിൻ്റ്മെൻ്റ് സ്ലോട്ടുകൾ മാത്രമാണ് നൽകിയതെന്നും ബം​ഗ്ലാദേശ് ആരോപിച്ചു. ധാക്ക ഉൾപ്പെടെ ബംഗ്ലാദേശിലെ അഞ്ച് ഇന്ത്യൻ വിസ കേന്ദ്രങ്ങളിലെ പ്രതിദിന ഓൺലൈൻ വിസ സ്ലോട്ടുകൾ ജൂലൈയ്ക്ക് ശേഷം 7,000 ൽ നിന്ന് 500 ആയി കുറഞ്ഞെന്നും ബം​ഗ്ലാദേശ് പറഞ്ഞു.

അതേസമയം, ഇന്ത്യയെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള ബംഗ്ലാദേശിൻ്റെ ശ്രമത്തിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. നേരത്തെ ഉരുളക്കിഴങ്ങും ഉള്ളിയും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് പുറമെ, മറ്റ് സ്രോതസ്സുകൾ ധാക്ക അന്വേഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ തുണിത്തരങ്ങളുടെയും കാർഷിക കയറ്റുമതിയുടെയും പ്രധാന വിപണിയാണ് ബം​ഗ്ലാദേശ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിഡിൽ ഈസ്റ്റിൽ വട്ടമിട്ട് യുഎസ്, ഖത്തറിലും ബഹ്റൈനിലും അടക്കം വമ്പൻ നീക്കങ്ങൾ; ഇറാനെ ചെറുക്കാൻ 30,000 മുതൽ 40,000 വരെ സൈനികർ
'നിരപരാധികളെ ബോംബിട്ട് കൊന്നു'; റംസാൻ മാസത്തിലെ മദ്രസാ ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നൽകും: താലിബാൻ