'ഇന്ത്യയിലേക്ക് പോകുന്നവര്‍ സൂക്ഷിക്കുക'; അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ കൂടുതല്‍ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ്

By Web TeamFirst Published Dec 14, 2019, 5:17 PM IST
Highlights

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള ഔദ്യോ​ഗിക സന്ദർശനത്തിന് യുഎസ് സർക്കാർ താൽകാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്

വാഷിങ്ടൺ: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനാൽ ഇന്ത്യയിലേക്ക് പോകുന്ന പൗരൻമാർ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ലോകരാഷ്ട്രങ്ങൾ. നേരത്തെ അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശിക്കുന്നതിനെതിരെ സ്വന്തം പൗരൻമാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കാനഡ, സിം​ഗപ്പൂർ എന്നീ രാജ്യങ്ങൾ.

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദർശനത്തിന് യുഎസ് സർക്കാർ താൽകാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അക്രമ സാധ്യത നിലനിൽക്കുന്ന പ്രദേശത്തേക്ക് സന്ദർശനം നടത്തരുതെന്ന് ദില്ലിയിലെ യുഎസ് എംബസിയും പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്‍ചയാണ് യുകെ, ഇസ്രായേൽ, കാനഡ, സിം​ഗപ്പൂർ എംബസികൾ പൗരന്‍മാര്‍ക്ക് യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. പൗരത്വ ഭേദഗതി ബില്ല് അം​ഗീകരിച്ചതിന് ശേഷം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പൗരൻമാർ അതീവ ജാഗ്രതപുലർത്തണം. ചില പ്രദേശങ്ങളിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും യാത്രാ സൗകര്യങ്ങളില്ലെന്നും വിവിധരാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്‍താവനയില്‍ പറയുന്നത്.

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ലോകരാജ്യങ്ങൾ അടിയന്തരമായി യാത്ര മാർ​ഗനിർ​ദ്ദേശങ്ങൾ പുറത്തിറക്കിയത്. 1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അസമില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേ​​ദ​ഗതി നിയമം. മുൻപ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വര്‍ഷമായി ചുരുക്കി. 

click me!