
ധാക്ക: രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രപതിയുടെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങൾ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കറന്‍സി. 2025 ജൂൺ 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിലായ നിലയിലാണ് പുതിയ നോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പുതിയ കറൻസി നോട്ടുകളിൽ രാഷ്ട്രപതിയുടെ ഫോട്ടോ ഇല്ലാത്തത്.
രാജ്യത്ത് ഇനി പുറത്തിറങ്ങുന്ന കറൻസി നോട്ടുകളിൽ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നാണ് ബംഗ്ലാദേശിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പുതുതായി രൂപകല്‍പന ചെയ്ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നും പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുന്നതെന്ന് ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ നിലവിലുള്ള നോട്ടുകൾ നിയമപരമായി തുടർന്നും പ്രചാരത്തിലായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.
പ്രക്ഷോഭത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ് രാജ്യം വിടേണ്ടവന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ നീക്കത്തിന്‍റെ ഭാഗമാണ് കറൻസിയിൽ നിന്നും രാഷ്ട്രപതിയുടെ ചിത്രം നീക്കം ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഷെയ്ഖ് ഹസീനയുടെ പിതാവ് കൂടിയാണ് രാഷ്ട്രപതിയായ മുജീബ് റഹ്മാന്‍. 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായതു മുതല്‍ 1975 ല്‍ പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെടുന്നതു വരെ മുജീബ് റഹ്‌മാന്‍ ആയിരുന്നു രാജ്യത്തെ നയിച്ചത്. 2024 ജൂലൈയിൽ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയതിനെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീനക്ക് രാജ്യം വിടേണ്ടിവന്നത്. പിന്നാലെ അധികാരത്തിലേറിയ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്, ഹസീനക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ടുള്ള ഹസീനയെ തിരികെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ യൂനുസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഷെയ്ഖ് ഹസീനക്കെതിരായ വിചാരണ നടപടികൾ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐ സി ടി) ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ പൊലീസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് മുൻ പ്രധാനമന്ത്രിക്കെതിരെ വിചാരണ നടപടികൾ തുടങ്ങിയത്. 2024 ജൂലൈ മുതൽ ഓഗസ്റ്റ് വരെ നീണ്ട ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ 1400 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരായ എല്ലാ നടപടികളും ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ഐ സി ടി തീരുമാനിച്ചിട്ടുണ്ട്. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി 2009 ൽ ഹസീനയാണ് ഐ സി ടി സ്ഥാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam