
ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട് ആറിന് കേന്ദ്ര സർക്കാരിൻ്റെ വാർത്താസമ്മേളനം നടക്കും. അതിനിടെ പാക് ഉപപ്രധാനമന്ത്രിയും വെടിനിർത്തൽ സ്ഥിരീകരിക്കുന്നുണ്ട്.
സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് പറഞ്ഞു. അതേസമയം താനും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇരു രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് മാർക്കോ റൂബിയോയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചർച്ച നടത്തിയെന്നും വ്യക്തമാക്കിയ മാർകോ റൂബിയോ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യക്കും പാകിസ്ഥാനും പുറത്ത് മറ്റൊരിടത്ത് ചർച്ച നടത്തുമെന്നും വ്യക്തമാക്കി.
ഇന്ത്യാ - പാക് സംഘർഷം ലഘൂകരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ സജീവമായിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വിദേശകാര്യ മന്ത്രിമാരുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചതിന് പുറമെ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സമവായ നീക്കവുമായി സൗദിയും രംഗത്ത് വന്നിരുന്നു. ഇരുരാജ്യങ്ങളും സമാധനത്തിനായി ശ്രമിക്കണമെന്ന് ചൈനയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam