
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്‍റായി തുടർന്നു.
അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീൻ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തിൽ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി. 2024-ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും പ്രമുഖ നേതാക്കളും പ്രവർത്തകരും ജയിലിലാകുകയോ ഒളിവിൽ പോകുകയോ ചെയ്തു
പുതിയൊരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ദേശീയ പാർലമെന്റായ ജാതിയ സംസദ് സ്പീക്കർ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നു. 17.3 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രസിഡന്റാണ് സായുധ സേനയുടെ പരമോന്നത കമാൻഡർ എങ്കിലും, ഭരണ നിർവ്വഹണത്തിനുള്ള യഥാർത്ഥ അധികാരം പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam