
ധാക്ക: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലാദേശ്. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിൽ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാൻ അനുവാദം നൽകരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഇസ്കോൺ അംഗങ്ങൾക്ക് പാസ്പോർട്ടും വിസയും ഉണ്ടായിരുന്നു, എന്നാൽ യാത്രക്കുള്ള പ്രത്യേക അനുമതി ഇല്ലെന്നാണ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം. ബംഗ്ലാദേശിൽ ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്കോൺ സന്യാസിമാർക്ക് ഇന്ത്യയിലേക്ക് പോകാനുള്ള യാത്ര അനുമതിയും നിഷേധിച്ചത്.
കഴിഞ്ഞ ദിവസം ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam