ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്; 'നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറി'

Published : Nov 24, 2025, 10:38 AM IST
sheikh hasina

Synopsis

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ആവശ്യപ്പെട്ടിരുന്നില്ല. 

ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബം​ഗ്ലാദേശ് സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബം​ഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. 

രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാൽ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലും ഇന്ത്യയിലുണ്ട്.

ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രേഖാമൂലം ആവശ്യപ്പെട്ടത്. 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപ്പെട്ടുവെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബം​ഗ്ലാദേശിന്‍റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്‌ഖ് ഹസീനക്കെതിരെ വധ ശിക്ഷ വിധിച്ചത്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നായിരുന്നു ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെ ഉത്തരവ്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദില്ലിയിലുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കുമെതിരെ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു