
ഒട്ടാവ: പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തലത്തിലുള്ള പരിഷ്കാരവുമായി കാനഡ. കാനഡ സർക്കാർ പൗരത്വ നിയമം പരിഷ്കരിക്കുന്നതിനായി ബിൽ സി 3. അവതരിപ്പിച്ചു. ബിൽ സി 3 നടപ്പിലാകുന്നതോടെ പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകും. വിദേശത്ത് ജനിച്ച ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള കനേഡിയൻ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
2009ൽ അവതരിപ്പിച്ച ബിൽ അനുസരിച്ച് കാനഡയ്ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരാകണം. എന്നാൽ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കൾ വിദേശത്ത് ജനിച്ചവരാണെങ്കിൽ, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറിൽ, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതും. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾ, മുൻ നിയമങ്ങളാൽ ഒഴിവാക്കപ്പെട്ട ആളുകൾ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് പുതിയ ബിൽ എന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച് ലോസ്റ്റ് കനേഡിയൻസ് എന്ന വിഭാഗത്തിൽ നിരവധിപ്പേർ ഉൾപ്പെട്ടിരുന്നു. ഇവർക്ക് പൗരത്വം ലഭിക്കും. ബിൽ സി 3യെ വലിയ രീതിയിലാണ് പതിനായിര കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹം വരവേൽക്കുന്നത്.
ഈ വ്യവസ്ഥയനുസരിച്ച്, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന്, കുട്ടി ജനിക്കുന്നതിനോ ദത്തെടുക്കുന്നതിനോ മുമ്പ് കാനഡയിൽ ആകെ 1,095 ദിവസങ്ങൾ (ഏകദേശം 3 വർഷം) താമസിച്ചിട്ടുണ്ടെങ്കിൽ, അവരുടെ കുട്ടിക്ക് പൗരത്വം കൈമാറാൻ കഴിയും. പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള സമയപരിധി 2026 ജനുവരി വരെ നീട്ടി നൽകിയിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ ആരംഭിച്ചാലുടൻ പൗരത്വ അപേക്ഷകളിൽ വൻ വർധനവുണ്ടാകുമെന്നാണ് ഇമിഗ്രേഷൻ അഭിഭാഷകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam