
പെഷ്വാർ: പെഷാവറിൽ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ സ്‌ഫോടനത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ സായുധ സംഘം വെടിവെപ്പും നടത്തി. ഭീകരാക്രമണം ആണ് നടന്നതെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഖൈബർ പഖ്തൂൺ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറിൽ അതീവ സുരക്ഷാ മേഖലയിൽ ആക്രമണം ഉണ്ടായത്. ഭീകര സംഘങ്ങളെ അമർച്ച ചെയ്യാനെന്ന പേരിൽ പാകിസ്ഥാൻ രൂപീകരിച്ച എഫ്‌സി എന്ന അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ആയിരുന്നു ചാവേർ ആക്രമണം. മൂന്ന് ചാവേറുകൾ ദേഹത്ത് കെട്ടിവെച്ച സ്‌ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ഇരച്ചു കയറി. ആദ്യ ചാവേർ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിൽ തന്നെ പൊട്ടിത്തെറിച്ചു. ഈ സ്ഫോടനത്തിൽ ആണ് ഗേറ്റിലുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേർ വളപ്പിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെങ്കിലും കാവൽക്കാരുടെ വെടിയേറ്റ് മരിച്ചു എന്ന് പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ചു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. സംഭവത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് പ്രദേശം വളഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രിഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. സുരക്ഷാ സേനയുടെ ഇടപെടൽ ആണ് വലിയ ദുരന്തം ഒഴിവാക്കിയെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു. അടുത്തിടെ മേഖലയിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ ആസ്ഥാനമായുള്ള ഭീകര സംഘങ്ങൾ ആണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. അഫ്ഗാനിലെ താലിബാൻ സർക്കാർ ഇത് നിഷേധിക്കുകയാണ്. സൈനിക കന്റോൺമെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സുള്ളത്. നിരവധി ആളുകളാണ് മേഖലയിൽ താമസിക്കുന്നത്. മേഖലയിലെ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam