'ഞാൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ...'; ട്രംപിന്‍റെ പരിപാടിയിലേക്ക് വെടിയുതിർക്കും മുൻപ് അക്രമി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്

Published : Apr 27, 2026, 05:01 AM IST
Trump evacuated as shooter opens fire at Washington gala

Synopsis

വൈറ്റ് ഹൌസിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട കോൾ തോമസ് അലൻ, ആക്രമണത്തിന് മുൻപ് കുടുംബത്തിനയച്ച സന്ദേശം പുറത്തുവന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നതരാണ് ലക്ഷ്യമെന്നും, സ്ഥലത്തെ സുരക്ഷാ വീഴ്ചയെക്കുറിച്ചും സന്ദേശത്തിൽ പറയുന്നു. 

വാഷിങ്ടണ്‍: വൈറ്റ് ഹൌസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ ആക്രമണത്തിന് മുൻപായി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് കുറിപ്പിൽ പറയുന്നത്. താൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ മാഡ്യൂസ് തോക്കുമായി (ഭാരമേറിയ യന്ത്രത്തോക്ക്) അത്താഴ വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നു എന്നും അക്രമി കുറിപ്പിൽ പരിഹസിച്ചു. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അക്രമിയുടെ പരിഹാസം. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതെന്നും ഒരു ദിവസം മുൻപേ ഹോട്ടലിൽ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും കോൾ തോമസ് അലൻ കുറിപ്പിൽ പറയുന്നു.

കത്തിൽ ട്രംപിന്‍റെ പേരെടുത്ത് പറഞ്ഞ് പരാമർശമില്ല. അതേസമയം ഒരു ബാലപീഡകന്‍റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രതി കുറിച്ചു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങളാണ് ഇവിടെ പരാമർശിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

ട്രംപ് ഭരണകൂടത്തിലെ ഉന്നതർ മുതൽ താഴെതട്ടിലുള്ളവർ വരെ തന്റെ ലക്ഷ്യമാണെന്ന് അലൻ കത്തിൽ പറയുന്നുണ്ടെങ്കിലും, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും പറഞ്ഞു. അതെന്തു കൊണ്ടാണെന്ന് പറഞ്ഞിട്ടില്ല. തന്റെ ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ ബുള്ളറ്റുകൾക്ക് പകരം 'ബക്ക് ഷോട്ട്' ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, എന്നാൽ ലക്ഷ്യത്തിലെത്താൻ അത്യാവശ്യമാണെങ്കിൽ ആരെയും വെടിവെക്കാൻ മടിക്കില്ലെന്നും അക്രമി കുറിച്ചു.

ക്രിസ്ത്യാനികളോടുള്ള വെറുപ്പ് ഇയാളുടെ എഴുത്തുകളിൽ പ്രകടമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു കരണത്തടിക്കുമ്പോൾ അടുത്ത കരണം കാണിച്ചു കൊടുക്കുന്നത് അക്രമികൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന വാദവും അക്രമി കത്തിൽ മുന്നോട്ടുവച്ചിട്ടുണ്ട്. അമേരിക്കയിലെ ഒരു വെടിവെപ്പ് പരിശീലന കേന്ദ്രത്തിൽ പ്രതി പതിവായി പരിശീലനം നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. 'കാപ് ടാക്ടിക്കൽ ഫയർആംസ്' എന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും വാങ്ങിയത്. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദേശം ലഭിച്ചയുടൻ അലന്റെ സഹോദരൻ കണക്റ്റിക്കട്ടിലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഹോട്ടലിലെ സുരക്ഷാ പരിശോധനകളെ കബളിപ്പിച്ച് അകത്തു കടന്ന അലനെ, പരിപാടി നടക്കുന്ന മുറിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അധികൃതർ പിടികൂടിയിരുന്നു. അലൻ പലപ്പോഴും രാഷ്ട്രീയമായി തീവ്രമായ പ്രസ്താവനകൾ നടത്താറുണ്ടെന്നും ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇയാളുടെ സഹോദരി പറഞ്ഞു. ഇയാൾ ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാണോ എന്നത് ഉൾപ്പെടെ ഫെഡറൽ ഏജൻസികൾ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നയതന്ത്ര ചർച്ചകൾ ഊർജിതം, വഴിത്തിരിവാകുമോ പുതിയ നീക്കങ്ങൾ? അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ
നേറ്റോയിൽ വിള്ളൽ വീഴുമോ? ഇറാൻ യുദ്ധത്തിന് പിന്നാലെ സ്വന്തം സഖ്യ കക്ഷികൾക്കെതിരെ യുഎസ് നീക്കം