ഭീകരവാദത്തിന് ഗൂഢാലോചന; ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷം ശിക്ഷ വിധിച്ച് ബെല്‍ജിയം

By Web TeamFirst Published Feb 4, 2021, 7:44 PM IST
Highlights

വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അസദൊല്ല അസ്സദിയെയാണ് കോടതി തടവിന് ശിക്ഷിച്ചത്.
 

ബ്രസ്സല്‍സ്: 2018ല്‍ പാരീസില്‍ ബോംബാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ബെല്‍ജിയം കോടതി. വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അസദൊല്ല അസ്സദിയെയാണ് കോടതി തടവിന് ശിക്ഷിച്ചത്. 2018 ജൂണില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്റെ റാലിയില്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ട് ഭീകരാക്രമണത്തിന് ശ്രമിച്ചെന്ന കുറ്റത്തിനാണ് ശിക്ഷ. ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം പൊലീസ് ഇടപെടലില്‍ ബോംബാക്രമണ പദ്ധതി നിര്‍വീര്യമാക്കിയിരുന്നു. 

ഭീകരര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് അസ്സദിയാണെന്നാണ് പ്രൊസിക്യൂഷന്‍ വാദം. ജര്‍മ്മനിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നില്ല. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കും ജയില്‍ ശിക്ഷ വിധിക്കുകയും ഇവരുടെ ബെല്‍ജിയം പൗരത്വം നീക്കുകയും ചെയ്തു. അതേസമയം ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ പങ്ക് തള്ളിയിരുന്നു.
 

click me!