
ബ്രസൽസ്: റഷ്യയുടെ ഷാഡോ ഫ്ലീറ്റിലെ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബെൽജിയം. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന നിഴൽ കപ്പൽപ്പടയിലെ കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് നോർത്ത് സീയിൽ വച്ചാണ് നിഴൽപ്പടയിലെ കപ്പൽ ബെൽജിയം പിടിച്ചെടുത്തത്. അതീവ രഹസ്യമായി നടത്തിയ നീക്കത്തിൽ ഫ്രാൻസിന്റെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് ബെൽജിയത്തിന്റെ പ്രത്യേക ദൗത്യ സംഘം കപ്പലിൽ കയറിയതെന്നാണ് ബെൽജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കൻ വിശദമാക്കുന്നത്. 'എത്തേര' എന്ന ടാങ്കർ കപ്പൽ ഗിനിയയുടെ പതാകയാണ് വഹിച്ചിരുന്നത്. റഷ്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് ബെൽജിയത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ വച്ച് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ ക്യാപ്റ്റനായ റഷ്യൻ പൗരനെ ചോദ്യം ചെയ്തുവരികയാണെന്നും ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും ബെൽജിയം ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
കപ്പലിൽ നിന്ന് കണ്ടെത്തിയ രേഖകളും വ്യാജമാണെന്ന് സംശയിക്കുന്നതായി അധികൃതർ കൂട്ടിച്ചേർത്തു. പിടിച്ചെടുത്ത കപ്പൽ സീബ്രഗ് തുറമുഖത്തേക്ക് മാറ്റിയതായും അവിടെവെച്ച് ഔദ്യോഗികമായി കണ്ടുകെട്ടുമെന്നും ബെൽജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കൻ വിശദമാക്കി. റഷ്യയുടെ നിഴൽപ്പടയ്ക്ക് നേരെ യൂറോപ്പിന്റെ നയത്തിലുണ്ടാവുന്ന മാറ്റം വ്യക്തമാക്കുന്നതാണ് നടപടി. ബാൾട്ടിക് കടലിലും നോർത്ത് സീയിലും ഇത്തരം നിഴൽപ്പട കപ്പലുകൾ വ്യാപകമായ രീതിയിലാണ് യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിയുന്നത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളുമായി ഹെലികോപ്ടറുകളിൽ ഈ കപ്പലുകൾ പിടിച്ചെടുക്കാനുള്ള സന്നദ്ധതയും ഈ രാജ്യങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. പനാമ, ബാർബഡോസ്, ഗാംബിയ അടക്കമുള്ള രാജ്യങ്ങളുടെ പതാകയ്ക്ക് കീഴിലും റഷ്യൻ നിഴൽപ്പടയിലെ കപ്പലുകൾ പ്രവർത്തിക്കുന്നുണ്ട്.
ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുകയാണ് ഇവ ചെയ്യുന്നത്. തങ്ങളുടെ എണ്ണക്കപ്പലുകളും ചരക്കുകൾ കൊണ്ടുപോകുന്ന മറ്റ് കപ്പലുകളും പിടിച്ചെടുക്കുന്ന നടപടികളെ കടൽക്കൊള്ളയെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ബെൽജിയത്തിന്റെ ശക്തമായ നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അഭിനന്ദിച്ചിരുന്നു. മോസ്കോയുടെ ഒഴുകുന്ന പഴ്സിനെതിരെയുള്ള ശക്തമായ നടപടിയെന്നാണ് ബെൽജിയെ നീക്കത്തെ വ്ലാദിമിർ സെലൻസ്കി വിശേഷിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam