കളക്ടറെക്കാള്‍ ശമ്പളം ഇനി അധ്യാപകര്‍ വാങ്ങും!; ഉത്തരവ്‌ പുറത്തിറക്കി ഭൂട്ടാന്‍

By Web TeamFirst Published Jun 14, 2019, 9:15 AM IST
Highlights

തീരുമാനം നടപ്പിലായാല്‍ രാജ്യത്ത്‌ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ജോലിക്കാര്‍ അധ്യാപകരായിരിക്കുമെന്ന്‌ ഭൂട്ടാന്‍ പ്രധാനമന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

തിംഫു: അധ്യാപകരുടെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ശമ്പളം വര്‍ധിപ്പിച്ച്‌ ഭൂട്ടാന്‍. അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ രംഗത്തെ മറ്റ്‌ ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളത്തിലാണ്‌ വര്‍ധനവ്‌ ഉണ്ടാകുന്നത്‌. ഇതോടെ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത്‌ ഇവരാകുമെന്ന്‌ 'ദ ഭൂട്ടാനീസ്‌' റിപ്പോര്‍ട്ട്‌ ചെയ്‌തു.

ജൂണ്‍ അഞ്ചിനാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്‌. ഈ തീരുമാനത്തെ ഏറ്റവും തന്ത്രപരമായ നീക്കമെന്നാണ്‌  ഭൂട്ടാന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌. രാജ്യത്ത് നിലവിലുള്ള അധികാരശ്രേണിയെ തകിടം മറിക്കുന്ന തീരുമാനമാണിത്. 

പുതിയ ഉത്തരവ്‌ പ്രകാരം 8,679 അധ്യാപകരുടെയും 4,000 മെഡിക്കല്‍ ജീവനക്കാരുടെയും ശമ്പളത്തില്‍ വര്‍ധനവ്‌ ഉണ്ടാകും. തീരുമാനം നടപ്പിലായാല്‍ രാജ്യത്ത്‌ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ജോലിക്കാര്‍ അധ്യാപകരായിരിക്കുമെന്ന്‌ ഭൂട്ടാന്‍ പ്രധാനമന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അധിക ജോലിസമയവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്നതിനാലാണ്‌ അധ്യാപകരുടെയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.

click me!