ഇങ്ങനെ കുടിച്ച് ചാവരുത്, കൊവിഡ് പേടിയില്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നവരോട് മന്ത്രി

By Web TeamFirst Published Mar 12, 2020, 7:29 PM IST
Highlights

എന്തായാലും മരിക്കും , വീടിന് പുറത്തും ഇറങ്ങാന് കഴിയില്ല, എന്നാല്‍ പിന്നെ ഇവിടിരുന്ന് കുടിച്ച് മരിച്ചേക്കാം എന്ന് ചിലര്‍ കരുതിയതോടെയാണ് സര്‍ക്കാറിന് ഇടപെടേണ്ടി വരുന്നത്

കൊവിഡ് ഭയത്തില്‍ പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്ന സാഹചര്യത്തില്‍, 24 മണിക്കൂറും വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ പെട്ടുപോവുന്നവര്‍ ആ സമയം എങ്ങനെ തള്ളിനീക്കും എന്നത് വെല്ലുവിളിയാണ്. എന്നാല്‍ കാടും മലയും നിറഞ്ഞ ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ ഉള്‍ഗ്രാമങ്ങളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കുറവാണ്.

ബുദ്ധവിശ്വാസികളുടെ ഈ രാജ്യത്ത് ഒരു അമേരിക്കന്‍ ടൂറിസ്റ്റ് കൊവിഡ് വയറസുമായി എത്തിയപ്പോള്‍ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലായി. രാജ്യമെമ്പാടുമുള്ള ബുദ്ധവിഹാരങ്ങള്‍ പ്രാര്‍ത്ഥനാ വിളക്കുകളാലും മന്ത്രോചാരണങ്ങളാലും നിറഞ്ഞു. കോവിഡ് കാരണം ലോക അവസാനിക്കും എന്ന അന്ധവിശ്വാസം ഗ്രാമങ്ങളില്‍ പടര്‍ന്നതോടെ മദ്യത്തിന് അങ്ങനെ കാര്യമായ വിലക്കില്ലാത്ത ഇവിടെ മദ്യപാനം വര്‍ദ്ധിച്ചു. 

എന്തായാലും മരിക്കും , വീടിന് പുറത്തും ഇറങ്ങാന് കഴിയില്ല, എന്നാല്‍ പിന്നെ ഇവിടിരുന്ന് കുടിച്ച് മരിച്ചേക്കാം എന്ന് ചിലര്‍ കരുതിയതോടെയാണ് സര്‍ക്കാറിന് ഇടപെടേണ്ടി വരുന്നത്. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ടാന്‍ഡി ദോര്‍ജിയാണ് ഇന്ന് തലസ്ഥാനമായ തിംപുവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കുടിച്ച് മരിക്കരുതേ എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തത്.  

"കൊവിഡ് കാരണം എല്ലാവരും മരിക്കും എന്ന് വിശ്വസിച്ച് വീട്ടിലിരുന്ന് മൂക്കുമുട്ടെ കുടിച്ചേക്കാം എന്ന് ചിലര്‍ കരുതുന്നുണ്ട്" പരമ്പരാഗതമായി മദ്യപാനം കൂടുതലുള്ള കിഴക്കന്‍ ഭൂട്ടാനിലെ ജനങ്ങളോടായി മന്ത്രി പറ‍ഞ്ഞതായി ദി ഭൂട്ടനീസ് പത്രം ട്വീറ്റ് ചെയ്തു. എട്ട് ലക്ഷം ജനസംഖ്യ മാത്രം ഉള്ള ഈ രാജ്യത്തെ 50% ത്തോളം ആശുപത്രി കേസുകളും മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങള്‍ കാരണമാണ്. വില്‍ക്കാനല്ലാതെ, സ്വന്തം ആവശ്യത്തിന് വേണ്ടി എത്രവേണമെങ്കിലും ഒരാള്‍ക്ക് വാറ്റാവുന്ന ഈ രാജ്യത്ത് ഡിസ്ലറികളില്‍ നിര്‍മ്മിക്കുന്ന മദ്യത്തിനും വില വളരെ കുറവാണ്. 

" ഈ അനിയന്ത്രിത കുടി കൊവിഡിനെക്കാള്‍ ആപത്താണ്" മന്ത്രി പറ‍ഞ്ഞു. കൊവിഡ് ബാധയുമായി എത്തിയ അമേരിക്കന്‍ ടൂറിസ്റ്റ് ഇപ്പോഴും ഐസോലേഷനിലാണ്. അദ്ദേഹം ഇടപെട്ട മറ്റ് വ്യക്തികളിലൊന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആളോഹരി സന്തോഷത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ ഹിമാലയന്‍ രാജ്യം കൊവിഡിനെ തുടര്‍ന്ന് ടൂറിസത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!