യൂറോപ്പില്‍ മറ്റൊരു വനിതാ മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By Web TeamFirst Published Mar 12, 2020, 5:01 PM IST
Highlights

സ്പെയിനില്‍ 2277 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 ബാധയെ തുടര്‍ന്ന് പ്രസിദ്ധമായ സ്പാനിഷ് ഫുട്ബോള്‍ ലീഗ്  ലാലിഗ മത്സരങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി.

മഡ്രിഡ്: സ്പെയിനില്‍ വനിതാ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍  ആശങ്കപ്പെടേണ്ടതില്ല. വ്യാഴാഴ്ച എല്ലാ പാര്‍ലമെന്‍റ് അംഗങ്ങളെയും പരിശോധിച്ചു. ഫലം ഉടന്‍ തന്നെ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി അംഗങ്ങളോട് ആശയവിനിമയം നടത്തിയത്.  സ്പെയിനില്‍ 2277 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 ബാധയെ തുടര്‍ന്ന് പ്രസിദ്ധമായ സ്പാനിഷ് ഫുട്ബോള്‍ ലീഗ്  ലാലിഗ മത്സരങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി.

നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോറിസിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസ് ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായിരുന്നു ഡോറിസ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!