കൈ പൊള്ളി, ട്രംപ് ഭരണകൂടത്തിന് മനംമാറ്റം; ഒരു ലക്ഷം ഡോളർ ഫീസ് വർധനവിൽ ഭയം വേണ്ട, എച്ച് 1 ബി വിസയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു

Published : Oct 21, 2025, 07:21 PM IST
trump sign

Synopsis

2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ അതുവരെ സാധുവായ വിസയിൽ യു എസിലുള്ളവർക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധിക്കില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി

ന്യൂയോർക്ക്: എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്. എച്ച് 1 ബി വിസ സ്റ്റാറ്റസ് ഉടമകൾക്കോ, എഫ് 1 സ്റ്റുഡന്റ് വിസയിൽ നിന്ന് മാറുന്നവർക്കോ എൽ 1 ഇൻട്രാ - കമ്പനി ട്രാൻസ്ഫറുകൾക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധകമാകില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു എസ് സി ഐ എസ് ) വ്യക്തമാക്കി. ഇത് അമേരിക്കയിലുള്ള ആയിരക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകുന്നതാണ്. ഇന്ത്യൻ പ്രൊഫഷണലുകളുടെയും വിദ്യാ‍ർഥികളുടെയും ഫീസ് വർധനവ് പ്രഖ്യാപനത്തിന് ശേഷം ഉയർന്ന ആശങ്കകളും ഇതോടെ പരിഹാരമാകും.

വിദേശ പൗരന്മാർക്കെല്ലാം ആശ്വാസം

2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ അതുവരെ സാധുവായ വിസയിൽ യു എസിലുള്ളവർക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധിക്കില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി. ഇത്തരക്കാർ വിസ പുതുക്കലോ നീട്ടലോ അപേക്ഷിക്കുമ്പോൾ പുതിയ ഫീസ് അടയ്ക്കേണ്ടതില്ല. 2025 സെപ്റ്റംബർ 21 ന് പുലർച്ചെ 12:01 ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്കും അതുവരെയുള്ള എച്ച് 1 ബി വിസകൾക്കും ഫീസ് വർധന ബാധകമല്ലെന്ന് ഏജൻസി കൂട്ടിച്ചേർത്തു. ഇത് സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കെല്ലാം വലിയ ആശ്വാസമേകുന്നതാണ്. എച്ച് 1 ബി ഉടമകൾക്ക് നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനും പുറത്തുപോകാനും അനുവാദമുണ്ടെന്നും യു എസ് സി ഐ എസ് വിശദീകരിച്ചു.

ആശങ്ക അകലുന്നു

ഇന്ത്യൻ ടെക് പ്രൊഫഷണലുകൾക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും എന്നതിൽ സംശയം വേണ്ട. കാരണം നിലവിൽ 300,000 ത്തോളം ഇന്ത്യക്കാർ എച്ച് 1 ബി വിസയിൽ യു എസിലുണ്ട്. പുതിയ എച്ച് 1 ബി വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. ഇവർക്കൊന്നും ഒരു ലക്ഷം ഡോളർ ഫീസ് വർധനവ് ബാധകമാകില്ലെന്നതാണ് ആശ്വാസം. ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനീസ് പൗരന്മാർക്കാണ് ഏറ്റവും കൂടുതൽ എച്ച് 1 ബി വിസയുള്ളത്. ഏകദേശം 15 ശതമാനത്തോളം ചൈനീസ് പൗരന്മാരാണ് ഇത്തരത്തിൽ യു എസിലുള്ളത്. 2025 സെപ്റ്റംബര്‍ 21 വരെ 215 മുതൽ 5000 ഡോളർ വരെയുള്ള ഫീസാണ് ഉണ്ടായിരുന്നത്. എന്നാൽ ട്രംപ് ഭരണകൂടം ഒറ്റയടിക്ക് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വർധനവ് വരുത്തുകയായിരുന്നു. 100,000 ഡോളറിന്റെ വാർഷിക ഫീസ് നിർബന്ധമാക്കിയാണ് ട്രംപ് ഉത്തരവിറക്കിയത്. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇടയിൽ സൃഷ്ടിക്കപ്പെട്ട വലിയ പരിഭ്രാന്തിയാണ് പുതിയ അറിയിപ്പിലൂടെ അകലുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം