
ടോക്കിയോ: ജപ്പാന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാന്റെ ഇരുമ്പ് വനിതയെന്ന് അറിയപ്പെടുന്ന 64കാരി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ആവശ്യമായ നിർണായക വോട്ടെടുപ്പ് വിജയിച്ചത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായാണ് സനേ തകായിച്ചി സ്വയം വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം ശ്രമത്തിലാണ് സനേ തകായിച്ചി എത്തുന്നത്. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ആരോപണങ്ങളിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്. എൽഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്. താറുമാറായ സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടികൾ, ആഭ്യന്തര സംഘർഷങ്ങളും അഴിമതികളും മൂലം എൽഡിപി താറുമാറായ അവസ്ഥ എന്നിങ്ങനെ രൂക്ഷമായ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സനേ തകായിച്ചി സുപ്രധാന പദവിയിലേക്ക് എത്തുന്നത്.
യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ പുലർത്തുന്ന സനേ തകായിച്ചിയ്ക്കെതിരെ പാർട്ടിയിലെ നിക്ഷ്പക്ഷ നേതാക്കൾ എതിർപ്പ് വ്യക്തമാക്കിയിരുന്നു. പുരുഷന്മാർക്ക് മാത്രമുള്ള പിന്തുടർച്ചാവകാശത്തെ പിന്തുണയ്ക്കുകയും വിവാഹ ശേഷം ദമ്പതികൾ രണ്ട് കുടുംബ പേരുകളിൽ തുടരുന്നതിനും സ്വവർഗ വിവാഹത്തെ നിശിതമായി എതിർക്കുന്ന വനിതാ നേതാവ് കൂടിയാണ് സനേ തകായിച്ചി. ജൂലൈയിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേരിട്ട കനത്ത തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ആയിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. തകായിച്ചി സ്ഥാനമേൽക്കുന്നതോടെ ജപ്പാനിലെ മൂന്ന് മാസത്തോളം നീണ്ടുനിന്ന രാഷ്‌ട്രീയ അസ്ഥിരതയ്‌ക്ക് അവസാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രി ഷിന്‍ജിരോ കൊയ്‌സുമിയുടെ മകനുമായ ഷിന്‍ജിരോ കൊയ്‌സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തെത്തുന്നത്. ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും തകായിച്ചിയുടെ സഖ്യത്തിന് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതിനാൽ തന്നെ നിയമനിർമ്മാണത്തിനായി തകായിച്ചിയുടെ സഖ്യത്തിന് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും നിയമനിർമ്മാണത്തിനായി പ്രതിപക്ഷ ഗ്രൂപ്പുകളെ പിന്തുണ വേണ്ട സാഹചര്യവും ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി നേരിടുന്നുണ്ട്. ഇത് സർക്കാരിനെ അസ്ഥിരമാക്കുന്ന ഘടകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam