
വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിർമാണത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും.
യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വർഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam