സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് അന്ന് ഭീഷണി, ഇന്ന് ഇന്ത്യയുമായി സമാധാനം വേണമെന്ന് ബിലാവൽ ഭൂട്ടോ

Published : May 06, 2025, 09:06 PM IST
സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് അന്ന് ഭീഷണി, ഇന്ന് ഇന്ത്യയുമായി സമാധാനം വേണമെന്ന്  ബിലാവൽ ഭൂട്ടോ

Synopsis

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല കരാർ മരവിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ ഇന്ത്യക്കാരുടെ രക്തം നദിയില്‍ ഒഴുക്കുമെന്നായിരുന്നു ബിലാവല്‍ പ്രസംഗിച്ചത്, 

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകൾ പ്രചരിച്ചപ്പോൾ, ഇന്ത്യ നദീ ജല കരാര്‍ മരവിപ്പിച്ചാല്‍, സിന്ധു നദിയില്‍ ഇന്ത്യക്കാരുടെ രക്തമൊഴുക്കുമെന്ന് ഭീഷണി മുഴക്കിയ ബിലാവല്‍ ഭൂട്ടോ ഒടുവില്‍ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറെന്ന് വ്യക്തമാക്കി. യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് ബിലാവല്‍ ഭൂട്ടോയുടെ കരണം മറിയല്‍ എന്നതും ശ്രദ്ധേയം. നദിയില്‍ രക്തമൊഴുക്കുമെന്ന ഭീഷണിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. 

'ഇന്ത്യ സമാധാനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ മുഷ്ടി ചുരുട്ടിയല്ല, തുറന്ന കൈകളുമായി വരട്ടെ. അവർ വസ്തുതകളുമായി വരട്ടെ, കെട്ടിച്ചമച്ചതല്ല. നമുക്ക് അയൽക്കാരായി ഇരുന്ന് സത്യം സംസാരിക്കാം.' എന്നായിരുന്നു ചൊവ്വാഴ്ച പാക് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിലാവല്‍ പറഞ്ഞത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും സര്‍ദാരിയുടെയും മകനാണ് ബിലാവല്‍ ഭൂട്ടോ.  'അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍... പാകിസ്ഥാനിലെ ജനങ്ങൾ മുട്ടുകുത്തില്ലെന്ന് അവര്‍ അപ്പോൾ ഓർമ്മിക്കട്ടെ. പാകിസ്ഥാനികൾക്ക് പോരാടാനുള്ള ദൃഢനിശ്ചയമുണ്ട്. അത് നമ്മൾ സംഘര്‍ഷത്തെ സ്നേഹിക്കുന്നത് കൊണ്ടല്ല. മറിച്ച് സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്.' ബിലാവല്‍ ഭൂട്ടോ പ്രസംഗിച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ ലഷ്കർ ഭീകരര്‍ നുഴഞ്ഞ് കയറി 26 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വിനോദ സഞ്ചാരികളോട് മതം ചോദിച്ചാണ് വെടിവച്ചതെന്ന റിപ്പോര്‍ട്ടുകൾ അന്താരാഷ്ട്രാ തലത്തില്‍ തന്നെ വലിയ രോഷം ഉയർത്തി. പാകിസ്ഥാന്‍റെ ആവശ്യപ്രകാരം നടന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎന്‍ പ്രതിനിധികൾ പാകിസ്ഥാന്‍റെ ലഷ്കര്‍ ബന്ധത്തെ കുറിച്ച് ചോദിച്ചത് വാര്‍ത്തയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങനെയെങ്കില്‍ സിന്ധുവില്‍ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവല്‍ ഭൂട്ടോ രംഗത്തെത്തിയത്. 

ഇതിനിടെ ഇന്ത്യ ബിലാവല്‍ ഭൂട്ടോയുടെ എക്സ് അക്കൌണ്ട് സസ്പെന്‍റ് ചെയ്തിരുന്നു. ബിലാവല്‍ ഭൂട്ടോയുടെ വിവാദ പ്രസ്ഥാവനയ്ക്ക് പിന്നാലെയായിരുന്നു നടപടി. അതേസമയം ഇതിനിടെ സ്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവല്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഈ ബന്ധം കാരണം പാകിസ്ഥാന്‍ ഏറെ അനുഭവിച്ചെന്നും ബിലാവല്‍ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം