'ഒറ്റക്കുട്ടിനയം' ഫലം കാണുന്നു; ചൈനയില്‍ ജനന നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

By Web TeamFirst Published Jan 21, 2020, 12:40 PM IST
Highlights

കടുത്ത വിമര്‍ശനത്തിനൊടുവില്‍ ചൈന ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തി രണ്ട് കുട്ടികള്‍ വരെ ആകാമെന്നാക്കിയെങ്കിലും ഗര്‍ഭിണികളാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായില്ല.

ബീജിംഗ്: ജനസംഖ്യ നിയന്ത്രണത്തിനായി ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഫലം കാണുന്നു. 2016ല്‍ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തിയെങ്കിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ജനന നിരക്ക് കുറഞ്ഞു. 1949ന് ശേഷം ചൈനയില്‍ ഏറ്റവും കുറവ് ജനന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2019. 1000 പേര്‍ക്ക് 10.48 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്.  2019ല്‍ ചൈനയില്‍ 14.65 ദശലക്ഷം കുട്ടികളാണ് ജനിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ചൈനയില്‍ ജനന നിരക്ക് കുറയുന്നത്. 

ഒറ്റക്കുട്ടി നയത്തെ തുടര്‍ന്ന് ചൈനയില്‍ പെണ്‍കുട്ടികളുടെ ലിംഗാനുപാതത്തില്‍ ക്രമാതീതമായ കുറവ് വന്നിരുന്നു. കടുത്ത വിമര്‍ശനത്തിനൊടുവില്‍ ചൈന ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തി രണ്ട് കുട്ടികള്‍ വരെ ആകാമെന്നാക്കി. എന്നാല്‍, നയം മാറ്റിയിട്ടും ഗര്‍ഭിണിയാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. 

ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. നയത്തിനനുസരിച്ച് എത്ര കുട്ടികള്‍ ആകാമെന്ന് തീരുമാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. നേരത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്‍റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!