
ദില്ലി: ഇന്ത്യയുമായി പുതിയ രാഷ്ട്രീയ-നയതന്ത്ര സൗഹൃദം സ്ഥാപിക്കാൻ ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎൻപി. ഈ ലക്ഷ്യം മുൻനിർത്തി ബിഎൻപി ചെയർമാനും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ചു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുമായി നേരിട്ടുള്ള രാഷ്ട്രീയ ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരിഖ് റഹ്മാൻ കത്തയച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ബിഎൻപി ആഗ്രഹിക്കുന്നതിൻ്റെ സൂചനയാണിത്.
മുൻകാലങ്ങളിൽ ഇന്ത്യയുമായി ബിഎൻപിക്ക് നല്ല ബന്ധമായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രായോഗികമായ ഒരു രാഷ്ട്രീയ നയതന്ത്ര സൗഹൃദം സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുകയെന്നത് പാർട്ടിയുടെ ലക്ഷ്യമാണ്. ദക്ഷിണേഷ്യയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും സംബന്ധിച്ച്, ഇന്ത്യയുമായി സഹകരിക്കാനുള്ള സന്നദ്ധത കത്തിൽ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
സർക്കാരുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം, ഇരു രാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ധാരണ വളർത്താനാണ് താരിഖ് റഹ്മാൻ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. ബംഗ്ലാദേശിൽ അവാമി ലീഗ് ഭരണം അവസാനിച്ച ശേഷമുണ്ടായ ആഭ്യന്തര സംഘർഷങ്ങൾ കൂടി പരിഗണിക്കുമ്പോൾ ബിജെപിയുടെയും കേന്ദ്രസർക്കാരിൻ്റെയും നിലപാട് പ്രസക്തമാണ്. ഇന്ത്യയുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമമായാണ് ബിഎൻപിയുടെ കത്തിനെ രാഷ്ട്രീയ വിദഗ്‌ധർ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam