ഇറാനില്‍ വിമാനദുരന്തം: 180 യാത്രക്കാരുമായി ഉക്രൈന്‍ വിമാനം തകര്‍ന്നു വീണു

By Web TeamFirst Published Jan 8, 2020, 9:33 AM IST
Highlights

തെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോയിംഗ് 737 വിമാനം തകര്‍ന്നു വീണത് എന്നാണ് വിവരം. 

തെഹ്റാന്‍: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിതിന് പിന്നാലെ മറ്റൊരു ദുരന്ത വാര്‍ത്ത. 180 യാത്രക്കാരുമായി ഉക്രൈനില്‍ നിന്നും ഇറാനിലേക്ക് വന്ന യാത്രാവിമാനം ഇറാന്‍ തലസ്ഥാനമായ തെഹ്റാന് സമീപം തകര്‍ന്നു വീണു. ഇറാന്‍ ദേശീയ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

വിമാനത്തവളത്തിന് സമീപം വച്ചാണ് ദുരന്തമുണ്ടായത് എന്നാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നു വീണത് എന്നാണ് പുറത്തു വരുന്ന വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോയിംഗ് 737 വിമാനം തകര്‍ന്നു വീണത് എന്നാണ് വിവരം. 

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെട്ട ഉന്നത സൈനിക കമാന്‍ഡര്‍ സുലൈമാനിയുടെ മൃതദേഹം ഇറാനില്‍ ഖബറടക്കിയത് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ്. രാജ്യത്തെയാകെ ഞെട്ടിക്കുകയും ദുഖത്തിലാഴ്ത്തുകയും ചെയ്ത സൈനികമേധാവിയുടെ മരണത്തില്‍ അനുശോചിച്ച് ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിയുടെ മൃതശരീരവും വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുക്കാനെത്തിയത്.

വിലാപയാത്രയ്ക്കും ഖബറടക്കത്തിനും ഇടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ മരിച്ചെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  സുലൈമാനിയുടെ ഖബറഠടക്കം തെഹ്റാനില്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും യുഎസ് സൈനികര്‍ തങ്ങുന്ന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മിസൈലാക്രമണത്തില്‍ ആളാപയമുണ്ടായോ എന്ന് വ്യക്തമല്ല. ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്നു വീണു എന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്. 

click me!