
ദില്ലി: ബ്രിട്ടനിലെ കോണ്‍വാൾ മേഖലയിൽ നടക്കാനിരിക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് ഉച്ചകോടി നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ ഇന്ത്യ സന്ദർശിക്കും. യുകെയിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആയുള്ള ഇന്ത്യ സന്ദർശനം ബോറിസ് ജോണ്സൻ റദ്ദാക്കിയിരുന്നു.
ഓദ്യോഗികമായ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തി. ഏറ്റവും പ്രധാനപ്പെട്ട ജനധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. അന്താരാഷ്ട്ര തലത്തിലുള്ള നടപടികളുടെ പ്രേരക ശക്തിയാകാനും, വെല്ലുവിളികൾ നേരിടാനും ഈ കൂട്ടായ്മയ്ക്ക് ആകും. ലോകം ജി7 കൂട്ടായ്മയെ നോക്കുകയാണ് കൂടുതൽ തുറന്നതും ക്ഷേമപ്രഥവുമായ ലോകത്തിനായി - ബോറീസ് ജോൺസൺ പറയുന്നു.
ബ്രിട്ടൻ, ജർമനി, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, അമേരിക്ക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നതാണ് ജി ഏഴ് രാജ്യങ്ങൾ. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് ജി-ഏഴ് ഉച്ചകോടിയിലേക്ക് ഇത്തവണ ക്ഷണമുണ്ട്.
മൂന്ന് രാജ്യങ്ങളെയും പ്രത്യേക അതിഥികളാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയും ബ്രിട്ടനും തമ്മിൽ കൈ കോർത്തു എന്നും ഇരു രാജ്യങ്ങളുടെയും സഹകരണം ഇക്കാലയളവിൽ വർധിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി പങ്കെടുക്കുന്ന രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ വിവിധ യോഗങ്ങള്‍ നടക്കും. സാമ്പത്തിക രംഗം, പരിസ്ഥിതി, ആരോഗ്യം, ടെക്നോളജി, വിദേശനയം എന്നീ വിഷയങ്ങളില്‍ എല്ലാം മന്ത്രിതല ചര്‍ച്ചകള്‍ നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam