ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ്: ബോറിസിന്റെ നീക്കം എതിർക്കുമെന്ന് പ്രതിപക്ഷം

By Web TeamFirst Published Sep 10, 2019, 9:14 AM IST
Highlights

കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നത്.

ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.

കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്. 

കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.  

click me!