
നാഗ്പൂർ: പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ നീക്കി. 2018-ൽ അറസ്റ്റിലായ അഗർവാളിനെ ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിശാന്തിന് ഉടൻ ജയിൽ മോചിതനാകാം. നേരത്തെ, സുപ്രധാന വിവരങ്ങൾ രാജ്യത്തിന്റെ ശത്രുക്കൾക്ക് കൈമാറാൻ ഐടി സംവിധാനങ്ങൾ ഉപയോഗിച്ചു എന്ന കുറ്റത്തിന് കീഴ്ക്കോടതി അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രധാനമായ വിധിയിലൂടെ ഉയർന്ന കോടതി കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ചതിന് ചുമത്തിയ കുറ്റം മാത്രമാണ് ഇപ്പോൾ നിലനിർത്തിയിട്ടുള്ളത്. ഇതിനായി കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചത്. അറസ്റ്റിലായ ശേഷം അഗർവാൾ ഈ തടവ് കാലാവധി ഇതിനകം അനുഭവിച്ചതിനാൽ, അദ്ദേഹത്തിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ അർഹതയുണ്ട്. ഇതോടെ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന അതീവ ഗൗരവകരമായ ഈ കേസിൻ്റെ നിയമപരമായ പോരാട്ടങ്ങൾക്കാണ് ഫലത്തിൽ അന്ത്യമാകുന്നത്.
ചാരപ്രവർത്തനത്തിൻ്റെ രീതി
ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ഇൻഡോ-റഷ്യൻ സംയുക്ത സംരംഭമായ ബി.എ.പി.എൽ.ൻ്റെ സാങ്കേതിക ഗവേഷണ വിഭാഗത്തിലായിരുന്നു അഗർവാൾ ജോലി ചെയ്തിരുന്നത്. 2018 ഒക്ടോബറിൽ മിലിട്ടറി ഇൻ്റലിജൻസും ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡുകളും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'സെജൽ' എന്ന പേരിൽ ഒരു പാകിസ്ഥാൻ ചാര വനിതയുമായി അഗർവാൾ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനുള്ള വിവരങ്ങളും തന്ത്രങ്ങളും പങ്കുവെക്കുന്ന ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഈ 'സെജൽ'. യുകെയിലെ ഹെയ്സ് ഏവിയേഷനിലെ റിക്രൂട്ടർ എന്ന വ്യാജേന ലിങ്ക്ഡ്ഇൻ വഴിയും സെജൽ അഗർവാളുമായി ബന്ധപ്പെട്ടിരുന്നു.
സെജലിൻ്റെ നിർദ്ദേശപ്രകാരം അഗർവാൾ 2017-ൽ തൻ്റെ വ്യക്തിപരമായ ലാപ്ടോപ്പിൽ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു. ഈ ആപ്പുകൾ: ക്യുവീസ്പർ (Qwhisper), ചാറ്റ് ടു ഹയർ (Chat to Hire), എക്സ്-ട്രസ്റ്റ് (X-trust) എന്നിവയായിരുന്നു. ഈ മൂന്ന് ആപ്പുകളും യഥാർത്ഥത്തിൽ മാൽവെയറുകളായിരുന്നു. ഇവ അഗർവാളിൻ്റെ ലാപ്ടോപ്പിൽ നിന്നും രഹസ്യ വിവരങ്ങൾ ചോര്‍ത്തിയെന്നായിരുന്നു കേസ്. ബിഎപിഎൽൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അഗർവാളിൻ്റെ വ്യക്തിഗത കമ്പ്യൂട്ടറുകളിൽ കണ്ടെത്തിയിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.