പാക് പ്രധാനമന്ത്രി ഷെഹ്ബാസ് രാജ്യം വിട്ടു, അസീം മുനീർ പാക് സൈന്യത്തിന്‍റെ 'പരമാധികാരി' ആകുന്ന നീക്കം തടയാനെന്ന് സൂചന

Published : Dec 02, 2025, 12:03 AM IST
asim munir

Synopsis

അസീം മുനീർ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂർവ നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറൽ അസിം മുനീർ സി ഡി എഫ് (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്. അസിം മുനീർ സൈന്യത്തിലെ 'പരമാധികാരി' ആകുന്ന നീക്കം തടയാനാണ് ഷെഹ്ബാസ് രാജ്യം വിട്ടതെന്ന് സൂചനയുണ്ട്. അസീം മുനീർ, സി ഡി എഫ് പദവി നവംബർ 29 ന് വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയതായി എ എൻ ഐ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസീം മുനീർ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂർവ നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.

അപൂ‍ർവ സാഹചര്യം

അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബർ 29 ന് അവസാനിച്ചതോടെ പാക്കിസ്ഥാന് ഇപ്പോൾ ഔദ്യോഗിക സൈനിക മേധാവിയില്ല. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണൽ കമാൻഡ് അതോറിറ്റിയും നേതൃത്വമില്ലാതെ പ്രവർത്തിക്കുന്ന അപൂർവ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ - സുരക്ഷാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സി ഡി എഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ പോലും നിയമവിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. 27 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി ഡി എഫ് പദവി അസിം മുനീറിന് അഞ്ച് വർഷത്തേക്ക് നൽകാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സർക്കാരിനേക്കാൾ അധികാരം ലഭിക്കും. ഷെഹ്ബാസ് ഷെരീഫിന്റെ ഈ 'തന്ത്രപരമായ അഭാവം' പാക്കിസ്ഥാൻ സൈന്യത്തിനകത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം