ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സനാരോയ്ക്ക് കൊവിഡ് ഇല്ല, പരിശോധനാ ഫലം നെഗറ്റീവ്

By Web TeamFirst Published Mar 14, 2020, 9:13 AM IST
Highlights

നേരത്തേ ബൊള്‍സനാരോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

ബ്രസിലിയ: തന്‍റെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സനാരോ. ഡൊണാള്‍ഡ് ട്രംപിന്‍റെ സ്റ്റാഫുകളിലൊരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്‍റെ ഭാഗമായാണ് ബൊള്‍സനാരോ പരിശോധന നടത്തിയത്. 

''ജൈര്‍ ബൊള്‍സനാരോയ്ക്ക് ആംഡ് ഫോഴ്സസ് ഹോസ്പിറ്റലില്‍ നടത്തിയ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആണ് '' - അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. നേരത്തേ ബൊള്‍സനാരോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

ബൊള്‍സനാരോ കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെത്തി ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെയും മറ്റ് ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. 

മുഖം മാസ്കുകൊണ്ട് മറച്ചെത്തിയ ബൊള്‍സനാരോ, മണിക്കൂറുകള്‍ക്കുള്ളില്‍ തനിക്ക് കൊവിഡ് 19 ഉണ്ടോ എന്ന് വ്യക്തമാകുമെന്ന് വ്യാഴാഴ്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നടത്താനിരുന്ന യാത്രകള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. വെള്ളി യാതൊരുവിധ പരിപാടികളിലും പ്രസിഡന്‍റ് പങ്കെടുത്തിരുന്നില്ല. 

click me!