ബ്രെക്സിറ്റ് പ്രതിസന്ധി; അവസാനവട്ട ചർച്ചകളും ഫലം കണ്ടില്ല

By Web TeamFirst Published Oct 17, 2019, 7:39 AM IST
Highlights

പുതിയ കരാർ സാധ്യമായാൽ അതിന് അംഗീകാരം നേടാനായി ശനിയാഴ്ച്ച ബ്രിട്ടീഷ് പാർലമെന്റ് പ്രത്യേക യോഗം ചേരും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രെക്സിറ്റ് അനിശ്ചിതത്വം നീളാനുള്ള സാധ്യതയാണ് വിദഗ്ധർ പ്രവചിക്കുന്നത്. 

ലണ്ടൻ: ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും അവസാനവട്ട ചർച്ചകളിലും സമവായമില്ല. ഇതോടെ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുമ്പ് പുതിയ കരാ‍ർ സംബന്ധിച്ച് ധാരണയുണ്ടാക്കാം എന്ന പ്രതീക്ഷ മങ്ങി. ഇതുവരെ കരാറിലെത്താനായില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം, ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചർച്ചകൾ ബ്രസൽസിൽ അവസാന നിമിഷവും തുടരുകയാണ്.

പുതിയ കരാർ സാധ്യമായാൽ അതിന് അംഗീകാരം നേടാനായി ശനിയാഴ്ച്ച ബ്രിട്ടീഷ് പാർലമെന്റ് പ്രത്യേക യോഗം ചേരും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രെക്സിറ്റ് അനിശ്ചിതത്വം നീളാനുള്ള സാധ്യതയാണ് വിദഗ്ധർ പ്രവചിക്കുന്നത്. നിയമപരമായ തടസങ്ങൾ ഏറെയുണ്ടെങ്കിലും നോ ഡീൽ ബ്രെക്സിറ്റ് നിലപാടുമായി മുന്നോട്ടു പോവാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം.

അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പുതിയ കരാർ വ്യവസ്ഥകൾ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ് പാർലമെന്റ് യോഗം അംഗീകാരം നൽകണമെന്ന് നിർബന്ധമില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ പാർലമെന്റിൽ ഏറെനാളായി നിലനിൽക്കുന്ന  അനിശ്ചിതത്വം തുടരാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ രാജിവച്ചൊഴിയുകയോ, ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനോട് വീണ്ടും കൂടുതൽ സമയം നീട്ടി ചോദിക്കുകയോ മാത്രമാകും ബോറിസ് ജോൺസന്റെ മുന്നിലുള്ള വഴികൾ.

റിപ്പബ്ലിക് ഓഫ് അയർലൻഡും ബ്രിട്ടന്റെ ഭാഗമായ നോർതേൺ അയർലൻഡും തമ്മിലുള്ള അതിർത്തി തുറന്നിടുന്നതു സംബന്ധിച്ച തർക്കമാണ് (ഐറിഷ് ബാക്ക് സ്റ്റോപ്പ്) ബ്രെക്സിറ്റ് ഉടമ്പടിയിൽ പരിഹാരം കാണാനാകാത്ത പ്രധാന പ്രശ്നം. തെരേസ മേയ് ഒപ്പിട്ട കരാറിന് ബ്രിട്ടീഷ് പാർലമെന്റ് അനുമതി നിഷേധിച്ചതിനുള്ള പ്രാധാന കാരണമാണിത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐറിഷ് പ്രധാനമന്ത്രി ലിയോ വർഡേക്കറുമായി നടത്തിയ മാരത്തൺ ചർച്ചയിൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ നടപടികൾ സാധ്യമാണെന്ന് വിലയിരുത്തിയിരുന്നു.

എലിസബത്ത് രാജ്ഞിയാണ് യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് കരാർ ഉൾപ്പെടെ പുതിയ 26 ബില്ലുകൾ പ്രഖ്യാപിച്ചത്. ഈ മാസം 31ന് തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് തുടക്കമിടുന്നതിനാണ് ബ്രിട്ടീഷ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് ഇന്നലെ പാർലമെന്റിൽ നടത്തിയ പ്രസം​ഗത്തിനിടെ രാജ്ഞി പറഞ്ഞിരുന്നു. 
 

click me!