ബോറിസ് ജോൺസന് തിരിച്ചടി; കരാറില്ലാത്ത ബ്രെക്സിറ്റ് രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് വഴിവയ്ക്കുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Sep 12, 2019, 11:28 AM IST
Highlights

ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കാര്യത്തിൽ വലിയ ക്ഷാമം നേരിടേണ്ടിവരുമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.

ലണ്ടൻ: കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് ബ്രിട്ടനിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് വഴിവയ്ക്കുമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ റിപ്പോർട്ട്. യെല്ലോ ഹാമർ എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിലാണ് ബ്രെക്സിറ്റിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നത്.

ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കാര്യത്തിൽ വലിയ ക്ഷാമം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യവസായ വാണിജ്യ രംഗത്ത് മാന്ദ്യമുണ്ടാകും. ചരക്കുലോറികൾ അതിർത്തിയിൽ തടയപ്പെടും. ബ്രിട്ടനിൽ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ആറ് പേജുള്ള യെല്ലോ ഹാമറിന്റെ കോപ്പി സൺഡെ ടൈംസ് പത്രം പുറത്തുവിട്ടിരുന്നു.

റിപ്പോർട്ട് പാർലമെന്റ് വിളിച്ചുകൂട്ടി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒക്ടോബർ 31ന് ഒരു കരാറുമില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ.

യൂറോപ്യൻ യൂണിയൻ വിടണമോ വേണ്ടയോ എന്ന് പരിശോധിക്കുന്നതിനായി 2016 ജൂണ്‍ 23ന് ബ്രിട്ടനിൽ ഹിത പരിശോധന നടന്നിരുന്നു. ഹിത പരിശോധനയിൽ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തിയതിൽ 48.1ശതമാനം പേർ ബ്രെക്സിറ്റിനെ എതിർത്തും 51.9 ശതമാനം അനുകൂലിച്ചും വോട്ട് ചെയ്തു. പ്രായപൂര്‍ത്തിയായ മുഴുവന്‍ ബ്രിട്ടന്‍കാര്‍ക്കും വോട്ട് ചെയ്യാമായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടൻ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബ്രെക്‌സിറ്റ്. BRITANലെ BRഉം EXITഉം ചേര്‍ന്നാണ് ബ്രെക്‌സിറ്റ് എന്ന വാക്ക് ഉണ്ടായത്. 

click me!