ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റ് പിരിച്ചുവിട്ടു; പൊതുതെരഞ്ഞെടുപ്പ് അടുത്തമാസം

By Web TeamFirst Published Sep 11, 2019, 11:23 PM IST
Highlights

ഒക്ടോബോർ 21-നാണ് കാനഡയിൽ  പൊതുതെരഞ്ഞെടുപ്പ് നടക്കുക

ഒറ്റാവ: കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടി നേതാവായ അദ്ദേഹം 2015 ലാണ് കാനഡയില്‍ അധികാരത്തില്‍ ഏറിയത്. സ്ത്രീ- പുരുഷ സമത്വം ഉറപ്പാക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു ട്രൂഡോ അധികാരത്തിലേറിയത്.

ഒക്ടോബോർ 21-നാണ് കാനഡയിൽ  പൊതുതെരഞ്ഞെടുപ്പ് നടക്കുക. വീണ്ടും അധികാരത്തിലേറാന്‍ ട്രൂഡോയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും ട്രൂഡോയുടെ പാര്‍ട്ടി വെല്ലുവിളി നേരിടുന്നുവെന്നാണ് ചൂണ്ടികാട്ടുന്നത്.

338 അംഗ പാര്‍ലമെന്‍റില്‍ അധികാരം നിലനിര്‍ത്താന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് 170 അംഗങ്ങളെ വിജയിപ്പിക്കാനാകണം. വലിയ ആത്മവിശ്വാസത്തോടെയാണ് ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. പരാജയ സാധ്യകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം മുഖവിലയ്ക്കെടുക്കുന്നില്ല. 1935 ന് ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിമാര്‍ക്കെല്ലാം വിജയതുടര്‍ച്ചയുണ്ടായിട്ടുണ്ടെന്നതും അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്.

എസ്എൻസി ലാവലിൻ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെയും സര്‍ക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച്  കാനഡയിലെ മുതിർന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യ സന്ദർശിക്കുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചു എന്ന വിവാദവും നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട്. 

click me!