ബ്രെക്സിറ്റ് മെയ് 22-ന്; ബ്രിട്ടന് സമയം നീട്ടി നൽകി യൂറോപ്യൻ യൂണിയൻ

By Web TeamFirst Published Mar 22, 2019, 7:34 AM IST
Highlights

ബ്രെക്സിറ്റിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ തുടരുക തന്നെയാണ്. പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർത്ഥന മാനിച്ചാണ് മാർച്ച് 29 എന്ന തീയതി നീട്ടിയത്. 

ലണ്ടൻ: ബ്രെക്സിറ്റിന്‍റെ തീയതി തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ. ഇപ്പോഴുള്ള ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാർ അംഗീകരിച്ചാൽ മേയ് 22-നാകും ബ്രക്സിറ്റ്. അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ 12-ന് ബ്രിട്ടൻ പുറത്തേക്ക് എന്നാണ് തീരുമാനം.

പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർത്ഥന മാനിച്ചാണ് മാർച്ച് 29 എന്ന തീയതി നീട്ടിയത്. വ്യവസ്ഥകളോടെയാണ് യൂറോപ്യൻ യൂണിയൻ തീയതി നീട്ടാൻ അനുമതി നൽകിയത്. തെരേസ മേ തയ്യാറാക്കിയ ധാരണ എംപിമാർ അംഗീകരിച്ചാൽ മേയ് 22 വരെ ബ്രക്സിറ്റ് നീളും. അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ 12 ന് ബ്രിട്ടൻ ധാരണയില്ലാതെ പുറത്താകും.

ധാരണ രണ്ട് തവണ എംപിമാർ തിരസ്കരിച്ചിരുന്നു. അടുത്തയാഴ്ച ധാരണയിൽ മൂന്നാം തവണ വോട്ടെടുപ്പ് നടക്കും. മേയ് 23-നാണ് യൂറോപ്യൻ യൂണിയനിൽ  തെരഞ്ഞെടുപ്പ്. അതിൽ പങ്കെടുക്കില്ലെന്ന് ബ്രിട്ടൻ അറിയിച്ചിരുന്നു. ബ്രിട്ടൻ പങ്കെടുക്കുന്നതിനോട് യൂറോപ്യൻ യൂണിയനും താൽപര്യമില്ല.

മേയ് 22ന് ബ്രെക്സിറ്റ് എന്ന് തീരുമാനിച്ചത് അതിന്‍റെ അടിസ്ഥാനത്തിലാണ്. അന്തിമതീരുമാനമെടുക്കാൻ ബ്രിട്ടന് ഏപ്രിൽ 12 വരെ സമയമുണ്ട്. ബ്രെക്സിറ്റ് വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യമടക്കം നൽകിയിരിക്കുന്നു എന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് വാർത്താസമ്മേളനത്തിൽ  അറിയിച്ചത്.

ബ്രെക്സിറ്റ് വേണ്ടെന്നുവയ്ക്കണം എന്നാവശ്യപ്പെട്ട് 20 ലക്ഷം പേർ ഒപ്പിട്ട പെറ്റീഷൻ പക്ഷേ തെരേസ മേ തള്ളിക്കളഞ്ഞു. അഭിപ്രായവോട്ടെടുപ്പിലെ ജനഹിതം മാനിക്കണം എന്നാണ് മേയുടെ നിലപാട്. തീയതി ഇനിയും നീട്ടാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. 

click me!