രണ്ട് ശ്വാസകോശങ്ങളും ഒരു പോലെനീക്കം ചെയ്യേണ്ടി വന്ന ഒരു രോഗിയ്ക്ക്, കൃത്രിമ ശ്വാസകോശ സംവിധാനത്തിന്റെ സഹായത്തോടെ 48 മണിക്കൂർ ജീവനോടെ നിലനിർത്തിക്കൊണ്ട് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ശസ്ത്രക്രിയാ വിദഗ്ധർ ചരിത്രം കുറിച്ചത്

ചിക്കാഗോ:രണ്ട് ശ്വാസകോശങ്ങളും നീക്കം ചെയ്ത ശേഷം രോഗിയെ 48 മണിക്കൂർ ജീവനോടെ നിലനിർത്തി, നിർണായക നേട്ടവുമായി ഡോക്ടർമാർ. മാരകമായ അണുബാധയെത്തുടർന്ന് രണ്ട് ശ്വാസകോശങ്ങളും ഒരു പോലെനീക്കം ചെയ്യേണ്ടി വന്ന ഒരു രോഗിയ്ക്ക്, കൃത്രിമ ശ്വാസകോശ സംവിധാനത്തിന്റെ സഹായത്തോടെ 48 മണിക്കൂർ ജീവനോടെ നിലനിർത്തിക്കൊണ്ട് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ശസ്ത്രക്രിയാ വിദഗ്ധർ ചരിത്രം കുറിച്ചത്. ഈ സമയത്തിനുള്ളിൽ അനുയോജ്യമായ ശ്വാസകോശങ്ങൾ രോഗിക്കായി കണ്ടെത്തി അത് വിജയകരമായി വെച്ചുപിടിപ്പിക്കുകയും ചെയ്യാനും സർജന്മാർക്ക് സാധിച്ചു. അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ മെമ്മോറിയലിൽ ആണ് അസാധാരണ സംഭവങ്ങൾ നടന്നത്.

മിസൗറി സ്വദേശിയായ ഒരു രോഗിക്ക് ഇൻഫ്ലുവൻസയെത്തുടർന്ന് കഠിനമായ ന്യുമോണിയയും രക്തത്തിൽ അണുബാധയും ബാധിച്ചത്. അണുബാധയ്ക്ക് പിന്നാലെ രോഗിയുടെ ശ്വാസകോശങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാവുകയും മരുന്നുകളോട് പ്രതികരിക്കാത്ത വിധം അണുബാധ ശരീരമാകെ പടരുകയും ചെയ്തിരുന്നു. അണുബാധ തടയാൻ ശ്വാസകോശങ്ങൾ നീക്കം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങൾ ഡോക്ടർമാർക്ക് മുന്നിലുണ്ടായിരുന്നില്ല. എന്നാൽ ശ്വാസകോശങ്ങൾ മാറ്റിയാൽ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതായിരുന്നു ഡോക്ടർമാർ നേരിട്ട പ്രതിസന്ധി.ഇത് പരിഹരിക്കാൻ തൊറാസിക് സർജനും നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിംഗ് തൊറാസിക് ഇൻസ്റ്റിറ്റ്യൂസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ അങ്കിത് ഭരത് ടോട്ടൽ ആർട്ടിഫിഷ്യൽ ലങ് സംവിധാനം ഒരുക്കുകയായിരുന്നു. ടോട്ടൽ ആർട്ടിഫിഷ്യൽ ലങ് സംവിധാനം രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കുക മാത്രമല്ല, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കൃത്യമായി നിലനിർത്തുകയും ചെയ്തു.

ശ്വാസകോശങ്ങൾ നീക്കം ചെയ്ത ഒഴിവിലേക്ക് ഹൃദയം തെന്നിമാറാതിരിക്കാൻ പ്ലാസ്റ്റിക് സർജറിയിൽ ഉപയോഗിക്കുന്ന തരം സലൈൻ ബാഗുകൾ താൽക്കാലികമായി നെഞ്ചിനുള്ളിൽ വെച്ചുപിടിപ്പിച്ചു.ശ്വാസകോശങ്ങൾ നീക്കം ചെയ്തതോടെ രോഗിയുടെ ശരീരത്തിലെ അണുബാധ കുറയാൻ തുടങ്ങി. 48 മണിക്കൂറിന് ശേഷം ദാതാവിനെ കണ്ടെത്തുകയും ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം രോഗി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു.മെഡ് എന്ന ജേണലിലാണ് 2023ൽ നടന്ന ഈ അപൂർവ്വ ശസ്ത്രക്രിയയേപ്പറ്റി വിശദമാക്കിയത്. ശ്വാസകോശത്തിന് സ്വയം സുഖപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം സംവിധാനം ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം