36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വായുമർദ്ദം കുറഞ്ഞു; എമർജൻസി കോഡ് അയച്ച് പൈലറ്റ്, വിമാനം അടിയന്തരമായി തിരിച്ചിറക്കി

Published : Oct 06, 2026, 01:31 PM IST
British Airways Flight

Synopsis

ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ക്യാബിനിലെ വായുമർദ്ദം കുറഞ്ഞതിനെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. 36,000 അടി ഉയരത്തിൽ വെച്ച് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ വിമാനം 9,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു.

ലണ്ടൻ: ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ബ്രിട്ടീഷ് എയർവേയ്‌സ് ബോയിംഗ് 777 വിമാനമാണ് തിരിച്ചിറക്കിയത്.

പറക്കുന്നതിനിടെ ക്യാബിനിലെ വായുമർദ്ദം പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മിനിറ്റുകൾക്കകം വിമാനം 9,000 അടി താഴ്ചയിലേക്ക് താഴ്ത്തി പറത്തുകയായിരുന്നു. ലണ്ടനിൽ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12:14ന് പുറപ്പെട്ട ബിഎ295 നമ്പർ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. അയർലൻഡിന് മുകളിലൂടെ പറക്കുമ്പോഴാണ് വായുമർദ്ദത്തിൽ വ്യതിയാനമുണ്ടായത്. അടിയന്തര സാഹചര്യമായതിനാൽ വിമാനത്തിൽ നിന്ന് പൈലറ്റുമാർ എമർജൻസി കോഡ് സന്ദേശം നൽകി.

അറ്റ്ലാന്‍റിക് സമുദ്രം കടന്ന് അമേരിക്കയിലേക്ക് പോകാൻ ആവശ്യമായ ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ സാധാരണ ലാൻഡിംഗിന് സാധ്യമായതിനേക്കാൾ 30 ടണ്ണോളം കൂടുതൽ ഭാരമുണ്ടായിരുന്നു. ഭാരം കുറയ്ക്കുന്നതിനായി വെയിൽസിന് സമീപമുള്ള കടലിനു മുകളിലൂടെ മണിക്കൂറുകളോളം വിമാനം വട്ടമിട്ടു പറന്നു. തുടർന്ന് വൈകുന്നേരം 5:02-ഓടെ വിമാനം ഹീത്രൂവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിലെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ യാത്രക്കാർ പങ്കുവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പരിചയസമ്പന്നരായ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ കാരണം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ സാധിച്ചുവെന്നും ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു
ഹൂതി ആക്രമണം: സൗദിക്ക് സൈനികസഹായവുമായി പാകിസ്ഥാനും തുർക്കിയും; ഇരുരാജ്യങ്ങളും സൈന്യത്തെ അയക്കും