ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചേക്കും. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്
ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. എയർ ഇന്ത്യക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിലവിൽ ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസായ എ ഐ 934 വിമാനമാണ് നിർത്തലാക്കാൻ ആലോചിക്കുന്നത്. കൊച്ചി - ദുബായ് റൂട്ടിലെ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും സർവീസ് ഉണ്ടാകുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയേക്കും. മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം. എന്നാൽ ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
വിശദ വിവരങ്ങൾ
ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും ഉണ്ടാവുക. എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിക്കുന്ന സൗജന്യ ഭണക്ഷണവും അധിക ബാഗേജും ഇനി ഉണ്ടാകില്ല. എയർ ഇന്ത്യയിൽ ലഭിച്ചിരുന്ന പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യം എന്നിവയേയും ബാധിക്കും. സൗകര്യം ആഗ്രഹിക്കുന്ന യാത്രക്കാരെ തഴയുന്ന നടപടിക്കെതിരെ കടുത്ത അമർഷം ഏജൻസികൾക്കുണ്ട്. കേരളത്തെ അവഗണിച്ച് ഇവ ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്നാണ് വിമർശനം. ഹൈദരബാദിലേയ്ക്കുള്ള സർവ്വീസും എയർ ഇന്ത്യ അവസാനിപ്പിക്കാൻ നീക്കമുണ്ട്. പ്രതിദിന സർവ്വീസാണ് ഇല്ലാതാകുന്നത്.


