ദില്ലി കലാപം: ഇന്ത്യന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് എംപിമാര്‍ പാര്‍ലമെന്‍റില്‍

By Web TeamFirst Published Mar 4, 2020, 11:06 AM IST
Highlights

ദില്ലി കലാപത്തിന് പൊലീസ് സഹായിച്ചെന്ന ബിബിസി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എംപിമാര്‍ വിമര്‍ശനമുന്നയിച്ചത്. ദില്ലി കലാപത്തില്‍ പൊലീസിന്‍റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ ജനിച്ച ബ്രിട്ടീഷ് എംപി മുഹമ്മദ് യാസീന്‍ ആരോപിച്ചു. 

ലണ്ടന്‍: ദില്ലി കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. ലേബര്‍, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ ഹൗസ് ഓഫ് കോമണില്‍ ഇന്ത്യന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെയും എംപിമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജനായ കണ്‍സര്‍വേറ്റീവ് എംപിയടക്കം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.  

വ്യാപാര കരാറുകള്‍ക്ക് വേണ്ടി മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കെട്ടിപ്പിടിച്ചതെന്ന് എസ്എന്‍പി എംപി ഡേവിഡ് ലിന്‍ഡന്‍ കുറ്റപ്പെടുത്തി, വ്യാപാര കരാറുകള്‍ക്കായി ലോക രാജ്യ തലവന്മാര്‍ എത്തുമ്പോള്‍ മനുഷ്യാവകാശത്തെ അവഗണിക്കരുതെന്ന് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു. മനുഷ്യാവകാശമാണ് ബ്രിട്ടന്‍റെ വിദേശ നയത്തിന്‍റെയും കാതലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. മനുഷ്യാവകാശമില്ലാത്ത വ്യാപാര ബന്ധങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിഎഎയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും ബ്രിട്ടന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ദില്ലിയിലെ ചടങ്ങില്‍ ബ്രിട്ടന്‍ ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് വ്യക്തമാക്കിയിരുന്നു. മതാടിസ്ഥാനത്തിലെ ജനങ്ങളെ ഉന്നംവെക്കുന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു. സിഎഎ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമമാണെന്നാണ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ അഭിപ്രായപ്പെട്ടത്. ദില്ലി കലാപത്തിന് പൊലീസ് സഹായിച്ചെന്ന ബിബിസി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എംപിമാര്‍ വിമര്‍ശനമുന്നയിച്ചത്. 

ദില്ലി കലാപത്തില്‍ പൊലീസിന്‍റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ ജനിച്ച ബ്രിട്ടീഷ് എംപി മുഹമ്മദ് യാസീന്‍ ആരോപിച്ചു. ദില്ലി കലാപത്തില്‍ ആദ്യമായാണ് ഒരു വിദേശ രാജ്യം നിലപാട് വ്യക്തമാക്കുന്നത്. സര്‍ക്കാറിനെയും പൊലീസിനെയും വിമര്‍ശിച്ച ബ്രിട്ടീഷ് എംപിമാരുടെ നിലപാട് ഇന്ത്യന്‍ സര്‍ക്കാറിന് തലവേദനയാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ കക്ഷി ചേരാനുള്ള യുഎന്‍ മനുഷ്യാവകാശ സമിതിയുടെ തീരുമാനം ഇന്ത്യക്ക് തലവേദനയായതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എംപിമാര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. 

click me!